സൈബര്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധനവ്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതിനും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്തതിനും സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1072 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 302 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 269 കേസുകളില്‍ അന്വേഷണവും പൂര്‍ത്തിയായി. മൊബൈല്‍ഫോണ്‍ ദുരുപയോഗം ചെയ്ത 1775 കേസുകളില്‍ 1410 കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു.
സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനില്‍ 161 കേസുകളും പകര്‍പ്പവകാശ നിയമം ലംഘിച്ച് സിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യത്തില്‍ മുന്‍നിരയിലുള്ളത് എറണാകുളം ജില്ലയാണ്. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത 220 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ 235 കേസുകളും തിരുവനന്തപുരം ജില്ലയില്‍ 206 കേസുകളും കോഴിക്കോട് 118 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 12 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സ്ത്രീകളെ അപമാനിക്കാനും ചൂഷണം ചെയ്യാനുമുള്ള പുതിയ മാധ്യമമായി മാറിയെന്നാണ് കുറ്റകൃത്യങ്ങളുടെ സ്വാഭാവം ചൂണ്ടിക്കാട്ടുന്നത്.
2010ല്‍ 172 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ തുടര്‍ന്നുള്ള ഓരോവര്‍ഷവും ഈ വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010നെ അപേക്ഷിച്ച് 66 ശതമാനം വര്‍ധനയാണ് 2011ല്‍ രേഖപ്പെടുത്തിയത്. 285 കേസുകളാണ് 2011ല്‍ റിപോര്‍ട്ട് ചെയ്തത്. 2012ല്‍ 324ഉം 2013ല്‍ 390ഉം 2014ല്‍ 466ഉം കേസുകളാണ് ഇതുസംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ ജൂലൈ 14 വരെ 192 കേസുകള്‍ എടുത്തിട്ടുണ്ട്. വര്‍ധനയുടെ തോത് കണക്കാക്കിയാല്‍ 2012ല്‍ 13.6 ശതമാനവും 2013ല്‍ 20.37 ശതമാനവും 2014ല്‍ 19.49 ശതമാനവും വര്‍ധനവുണ്ടായി. ദേശീയതലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സൈബര്‍ കേസുകളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 18 വയസ്സില്‍ താഴെയുള്ള പ്രതികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
സംസ്ഥാനത്ത് െ്രെകംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനും പോലിസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം വിങ്ങും എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുകളും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് സൈബര്‍ സെല്ലുകള്‍ മുഖേനയാണ്. ഇതുകൂടാതെ സംസ്ഥാനതലത്തില്‍ പരാതികള്‍ അന്വേഷിക്കുന്നതിനായി തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും പ്രവര്‍ത്തിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലായി പരാതി ലഭിക്കുന്നത് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴിയുള്ള വിഷയങ്ങളിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പണതട്ടിപ്പുകളും ഫോട്ടോ മോര്‍ഫിങുമായിരുന്നു മുമ്പുണ്ടായിരുന്ന പരാതിയെങ്കില്‍ ഇന്ന് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴിയുള്ള വ്യക്തിഹത്യകളാണു കൂടുതലും. വ്യക്തിഹത്യകള്‍ കൂടുതലായി പ്രചരിപ്പിക്കുന്നത് ഫേസ്ബുക്ക് വഴിയാണ്. നാല് കോടിയോളം മൊബൈല്‍ കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ മിക്കതും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സൈബര്‍ കേസുകളുടെ അന്വേഷണവും ഇഴയുന്നതായി ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it