Districts

സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്ക് കൂടുന്നു

പൊന്നാനി: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്ക് വര്‍ധിച്ചുവരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോവുന്ന കുറ്റകൃത്യങ്ങളുടെ അളവ് ഞെട്ടിക്കുന്നതാണ്. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത്.
ഓരോ മാസവും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും നിയമപാലകരും നല്‍കുന്ന റിപോര്‍ട്ട് പ്രകാരം വര്‍ധിക്കുകയാണ്. ഏതെങ്കിലും ശിക്ഷാ നടപടികളിലൂടെ കൗമാരക്കാരെ ഇതില്‍ നിന്നു രക്ഷപ്പെടുത്താനാവില്ല. മറിച്ച് ഇന്റര്‍നെറ്റ് ഉപയോഗത്തിലെ നിയന്ത്രണം മാത്രമാണു പോംവഴിയെന്ന് ഐടി സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി നൗഫല്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ മാത്രം സംസ്ഥാനത്ത് 8 കൗമാരക്കാരാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലായത്. നാലുപേര്‍ സോഷ്യല്‍ മീഡിയയിലെ ചതിക്കുഴിയില്‍ പെട്ട് ആത്മഹത്യചെയ്യുകയും ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച കോന്നിയിലെ മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യയും സൈബര്‍ ചതിക്കുഴിയുടെ ദുരന്തംതന്നെയായിരുന്നു. പ്രേമം സിനിമയുടെ വ്യാജ പ്രിന്റ് നെറ്റില്‍ അപ്‌ലോഡ് ചെയ്തതിലും കൗമാരക്കാരായ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളിലെന്നപോലെ തന്നെ സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ നല്ലൊരു പങ്കും കൗമാരക്കാരായ വിദ്യാര്‍ഥികള്‍ തന്നെയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട നിരവധി സൈബര്‍ കേസുകള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതായി കേരള പോലിസിലെ ഹൈടെക് സെല്‍ പറയുന്നു. പക്ഷേ മിക്ക കേസുകളിലും അന്വേഷണം പാതിവഴിയിലാവുമ്പോള്‍ പരാതി പിന്‍വലിക്കുന്ന സ്ഥിതിയാണുള്ളത്. പരാതിക്കാരും ഇരകളും വിദ്യാര്‍ഥികള്‍ തന്നെ ആവുന്നതാണ് ഇതിനു കാരണം. മിക്ക കേസുകളിലും സ്‌കൂള്‍ അധികൃതര്‍ കൃത്യമായ നിയമനടപടികള്‍ എടുക്കാത്തതോ പരാതിപ്പെടാന്‍ മടികാണിക്കുന്നതോ ആണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
കുട്ടികള്‍ക്കിടയിലെ ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഐടി സ്‌കൂളിന്റെ കീഴില്‍ സൈബര്‍ സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയില്‍ 15,000 സ്‌കൂളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.
സൈബര്‍ കുറ്റകൃത്യങ്ങളെ ക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ സൈബര്‍ സെക്യൂരിറ്റി എന്നൊരു പുസ്തകംതന്നെ ഐടി സ്‌കൂള്‍ അധികൃതര്‍ ഇറക്കിയിട്ടുണ്ട്. പക്ഷേ ഇതു വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ തയ്യാറാവാറില്ല. വി കെയര്‍ എന്ന പേരില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ സൈബര്‍ സുരക്ഷ യ്ക്കായി പദ്ധതി നടപ്പാ—ക്കുന്നുണ്ടെന്ന് കേരള സിബിഎസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജന്‍ പറഞ്ഞു. നെറ്റ് ഉപയോഗിക്കുന്നതിലെ മിതത്വവും സ്വയം നിയന്ത്രണവുമാണു പ്രധാന പരിഹാരമെന്ന് വിവിധ മേഖലകളിലുള്ളവര്‍ പറയുന്നു.
Next Story

RELATED STORIES

Share it