സൈനിക ആയുധപ്പുരയിലെ തീപ്പിടിത്തം: മരണം 19 ആയി

പുല്‍ഗാവ്(മഹാരാഷ്ട്ര): മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ പുല്‍ഗാവ് സൈനിക ആയുധപ്പുരയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പ്രതിരോധ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങളുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. പരിക്കേറ്റ മൂന്നുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ ജ്ഞാനേന്ദ്ര സിങ്, സൈനിക ഓഫിസര്‍മാരായ ശാരദ് യാദവ്, ജഗദീഷ് ചന്ദ്ര എന്നിവരെയാണ് ഇന്നലെ പൂനെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു ആശുപത്രിയും അവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നില്ലെന്നും തീപ്പിടിത്തത്തിന് കാരണം അന്വേഷണം നടത്തിയതിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ശത്രുക്കളായ പാകിസ്താനും ചൈനയും സംഭവത്തില്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും യുദ്ധത്തില്‍ പോലും ഇത്രയും വലിയ ആയുധശേഖരം നഷ്ടപ്പെടില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു. സംഭവത്തിലെ കേന്ദ്ര നിലപാടില്‍ ലജ്ജിക്കുന്നതായും പത്രം വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it