സൈക്‌സ്-പീക്കോയുടെ ഒരു നൂറ്റാണ്ട്

സൈക്‌സ്-പീക്കോയുടെ ഒരു നൂറ്റാണ്ട്
X
slug-ck-abdullaഉസ്മാനിയാ തുര്‍ക്കിയില്‍ നിന്നു പശ്ചിമേഷ്യയെ വേര്‍പെടുത്തി ചെറു കോളനികളാക്കി ചൂഷണം ചെയ്യുന്നതിനു റഷ്യയെ കൂട്ടുപിടിച്ചു ബ്രിട്ടനും ഫ്രാന്‍സും രൂപം കൊടുത്ത സൈക്‌സ്-പീക്കോ രഹസ്യ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1916ലായിരുന്നു. ഈ അധീശത്വ പദ്ധതി തയ്യാറാക്കിയ മാര്‍ക്ക് സൈക്‌സ്, ഫ്രാന്‍സോ ജോര്‍ജ് പീക്കോ എന്നീ ഉദ്യോഗസ്ഥര്‍ പശ്ചിമേഷ്യയിലെ വിവിധയിടങ്ങളില്‍ യഥാക്രമം ബ്രിട്ടനെയും ഫ്രാന്‍സിനെയും പ്രതിനിധീകരിച്ചിരുന്നു.
തുര്‍ക്കിയുടെ കീഴിലുള്ള മുഴുവന്‍ പ്രദേശങ്ങളും യുദ്ധം തീരുന്നതോടെ കോളനിപ്രഭുക്കള്‍ക്കിടയില്‍ വീതിക്കുന്നതാണ് ഉടമ്പടിയുടെ കാതല്‍. തുര്‍ക്കിയെ നിരന്തരം കാര്‍ന്നുകൊണ്ടിരുന്ന റഷ്യയിലെ സാര്‍ സാമ്രാജ്യത്തെ ഒഴിവാക്കിയുള്ള ഒരു വീതംവയ്പ് അസാധ്യമായിരുന്നതിനാല്‍ പേരില്‍ റഷ്യന്‍ പ്രാതിനിധ്യമില്ലെങ്കിലും അവരും ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്.
1917ല്‍ സാര്‍ ഭരണകൂടത്തെ നിലംപരിശാക്കിയ ബോള്‍ഷെവിക്കുകളാണ് ഈ രാജരഹസ്യം അങ്ങാടിപ്പാട്ടാക്കിയത്. അവര്‍ പുറത്തുവിട്ടതു പ്രകാരം കോളനിവാഴ്ചകള്‍ക്കു മുമ്പുണ്ടായിരുന്ന വിശാല ശാം പ്രദേശത്തിന്റെ ഭാഗങ്ങളായ സിറിയ, ലബ്‌നാന്‍, ജോര്‍ദാന്‍ എന്നിവ ഫ്രാന്‍സിനും ഇറാഖ്, അറേബ്യന്‍ ഉപദ്വീപ് (പേര്‍ഷ്യന്‍ ഗള്‍ഫ്, അറേബ്യന്‍ ഗള്‍ഫ്, യമന്‍) എന്നിവ ബ്രിട്ടനും വീതിക്കുകയും തുര്‍ക്കി, ഏഷ്യാ മൈനര്‍ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്ന 12 വകുപ്പുകള്‍ അടങ്ങുന്നതാണ് സൈക്‌സ്-പീക്കോ.
ബ്രിട്ടനും ഫ്രാന്‍സിനും പൂര്‍ണ നിയന്ത്രണമുള്ള വെവ്വേറെ പ്രദേശങ്ങളും, ഇരുവരും ധാരണകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന ചെറു അറബ് ഭരണകൂടങ്ങളും ഉടമ്പടി വിഭാവനം ചെയ്തു. ശാം പ്രദേശത്തിന്റെ കേന്ദ്രമായ ഫലസ്തീന്‍, മൂന്നു രാജ്യങ്ങളും കൂടി തീരുമാനിക്കുന്ന അന്താരാഷ്ട്ര സംവിധാനത്തിന്റെ നിയന്ത്രണത്തിനു മാറ്റിവയ്ക്കുമെന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. ജൂതരാഷ്ട്ര നിര്‍മിതിക്കു വേണ്ടി അരമനയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന ബാല്‍ഫര്‍ പ്രഖ്യാപനത്തിനു വഴി കൊടുക്കാനായിരുന്നു ഈ ഒഴിച്ചുനിര്‍ത്തല്‍.
റഷ്യയിലെ ജൂതര്‍ക്കും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കും ഫലസ്തീനില്‍ പ്രത്യേക താല്‍പര്യവും ഉണ്ടായിരുന്നു. 1917ല്‍ വന്ന ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 1948ല്‍ സയണിസ്റ്റ് ഇസ്രായേല്‍ യാഥാര്‍ഥ്യമായപ്പോള്‍ ഫലസ്തീനില്‍ ജീവിച്ചുപോന്ന ജനതയുടെ പകുതിയിലധികവും അഭയാര്‍ഥികളായതാണ് സൈക്‌സ്-പീക്കോയുടെ പ്രധാന ഫലങ്ങളിലൊന്ന്.
കോളനിയുടമകള്‍ക്കു മേഖലയില്‍ മേല്‍ക്കോയ്മ ഉറപ്പുവരുത്തുന്ന പദ്ധതിക്കു വേണ്ടി മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. ഒരുവശത്ത് ഉസ്മാനിയാ സുല്‍ത്താന്മാരുടെയും അവരുടെ പാഷ (ഗവര്‍ണര്‍)മാരുടെയും സ്വേച്ഛാധിപത്യ നടപടികളെ ഊതിവീര്‍പ്പിച്ചു തുര്‍ക്കിവിരുദ്ധ വികാരം ആളിക്കത്തിച്ചു. സ്വതന്ത്ര ദേശരാഷ്ട്രങ്ങള്‍ സ്ഥാപിക്കാമെന്ന മോഹനവാഗ്ദാനമാണ് തുര്‍ക്കിക്കെതിരേ രംഗത്തിറങ്ങിയവര്‍ക്കു നല്‍കിയത്. മറുവശത്ത്, അറേബ്യന്‍ ശെയ്ഖുമാരെയും നാടുവാഴികളെയും അവര്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. ശരീഫു മക്ക (അന്നത്തെ ഖാദിമുല്‍ ഹറം) എന്നറിയപ്പെട്ടിരുന്ന ഹിജാസിലെ ശരീഫ് ഹസന്‍ രാജവംശത്തിനു സിറിയ, ഇറാഖ്, അറേബ്യന്‍ ഉപദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന വിശാല അറബ് സാമ്രാജ്യം എന്ന സ്വപ്‌നം കൊടുത്തു. ഈജിപ്തിലെ ബ്രിട്ടിഷ് ഹൈകമ്മീഷണര്‍ ഹെന്റി മക്മാഹോനെ ഉപയോഗിച്ചു നടത്തിയ ഈ വാഗ്ദാനങ്ങള്‍ സൈക്‌സ്-പീക്കോ തയ്യാറാക്കിയവരെ അറിയിച്ചിരുന്നില്ല പോലും. തുര്‍ക്കി സുല്‍ത്താന്‍മാരില്‍ നിന്നു വേര്‍പെട്ട് ഈജിപ്ത് കേന്ദ്രമായി സ്വന്തം രാജാധിപത്യം ലക്ഷ്യമിട്ടിരുന്ന മുഹമ്മദലി പാഷയുടെ പൂതിയും കൊളോണിയലിസം ഉപയോഗപ്പെടുത്തി. അറേബ്യന്‍ ഗള്‍ഫിലെ ശരീഫ് ഹസന്‍ വിരുദ്ധ നാടുവാഴികളെയും ശെയ്ഖുമാരെയും സന്ദര്‍ശിച്ചുകൊണ്ടാണ് സൈക്‌സ്-പീക്കോ ഉടമ്പടിയുടെ മിനുക്കുപണികള്‍ തീര്‍ത്തത്.
ഉടമ്പടി പരസ്യമായപ്പോള്‍ ക്ഷുഭിതനായ ശരീഫ് ഹസനോട് അതു തുര്‍ക്കിക്കെതിരേയുള്ള തന്ത്രം മാത്രമാണെന്നും താങ്കള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും ബ്രിട്ടനില്‍ നിന്നു രാജകീയ ഉറപ്പു ലഭിച്ചിരുന്നുവത്രേ. എന്നാല്‍, താമസിയാതെ ഹിജാസില്‍ നിന്നു ശരീഫ് ഹസനെയും മക്കളെയും കെട്ടുകെട്ടിക്കാന്‍ ദര്‍ഇയ്യ കേന്ദ്രമായി നിലനിന്നിരുന്ന സൗദി ശെയ്ഖുമാര്‍ക്ക് ബ്രിട്ടന്റെ നിര്‍ലോഭ പിന്തുണ ലഭിച്ചത് പ്രായോഗിക യുദ്ധതന്ത്രമായി ഉദാഹരിക്കപ്പെടുന്നു.
16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉസ്മാനിയാ സുല്‍ത്താന്മാരില്‍ ഏറ്റവും ശക്തനായി അറിയപ്പെടുന്ന സലീം രണ്ടാമന്റെ കാലത്ത് മക്കയും മദീനയുമടങ്ങുന്ന ഹിജാസിന്റെ ആധിപത്യം കൈവന്നതോടെയാണ് അതുവരെ ഈജിപ്തിലെ മംലൂക് ഭരണാധികാരികള്‍ നിലനിര്‍ത്തിയ ഖലീഫ പദവി ഉസ്മാനികള്‍ ഏറ്റെടുക്കുന്നതും മുസ്‌ലിം ലോകത്തിന്റെ പൊതുനേതൃത്വമായി ഉസ്മാനിയാ തുര്‍ക്കി കണക്കാക്കപ്പെടുന്നതും.
കൊളോണിയലിസത്തിനു പ്രധാന തടസ്സമായിരുന്ന തുര്‍ക്കി ഖിലാഫത്തിനെ ഒതുക്കാന്‍ അറബ് സ്വത്വവാദം രംഗത്തിറക്കിയ കൊളോണിയല്‍ പ്രഭുക്കന്മാര്‍ അതിന്റെ പ്രചാരകന്മാരെ മുന്‍നിര്‍ത്തി 1916ല്‍ അറബ് മഹാവിപ്ലവം സംഘടിപ്പിച്ചത് സൈക്‌സ്-പീക്കോ പദ്ധതി നടപ്പാക്കാനുള്ള മറ്റൊരു തന്ത്രമായിരുന്നു. ഒന്നാം ലോകയുദ്ധത്തോടെ ബലഹീനമായ ഉസ്മാനിയാ ഭരണകൂടത്തിന്റെ മരണം തുര്‍ക്കിയിലെ ആഭ്യന്തര ശക്തികളെ ഉപയോഗപ്പെടുത്തി കൊളോണിയല്‍ ശക്തികള്‍ ഉറപ്പുവരുത്തിയെങ്കിലും അറബ് ലോകത്ത് സ്വതന്ത്ര രാജ്യങ്ങള്‍ സ്വപ്‌നം കണ്ടു നിരത്തിലിറങ്ങിയവരെ നിരാശരാക്കി. 1920ല്‍ സാന്റിമോ പ്രഖ്യാപനത്തിലൂടെ സിറിയ, ലബ്‌നാന്‍ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെയും ഫലസ്തീന്‍, ജോര്‍ദാന്‍, ഇറാഖ് എന്നിവ ബ്രിട്ടന്റെയും കോളനികളായി പ്രഖ്യാപിക്കപ്പെട്ടതോടെ ഫലത്തില്‍ സൈക്‌സ്-പീക്കോ പ്രയോഗത്തില്‍ വന്നു.
അക്കാലത്ത് അധിനിവേശവിരുദ്ധ ഇസ്‌ലാമിക ചലനങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ നേരിടുന്നതിന് അറബ് ദേശീയതാ വാദം പ്രയോജനപ്പെട്ടു. മാത്രവുമല്ല, ദേശീയവാദത്തിന്റെ മറവില്‍ ജൂതരുടെ ദേശരാഷ്ട്രമായി ഫലസ്തീനില്‍ സയണിസ്റ്റ് ഇസ്രായേലിനെ അറബ് ദേശീയവാദികളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിലും കൊളോണിയലിസം വിജയിച്ചു. അറബ് ദേശീയ ഐക്യം എന്ന ആശയം വെറും അക്കാദമിക കസര്‍ത്തുകളിലും നാമമാത്ര കൂട്ടായ്മകളിലും ഒതുക്കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരുമായിരുന്നു.
കൊളോണിയല്‍ അനുഗ്രഹത്തോടെ 1945ല്‍ അറബ് ലീഗ് സ്ഥാപിക്കപ്പെട്ടതിന്റെ തൊട്ടുടനെ 1948ല്‍ ഇസ്രായേല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഫലസ്തീനിലെ സമൂഹങ്ങളെ കൂട്ടക്കൊല ചെയ്തും അടിച്ചു പുറത്താക്കിയും നക്ബ സംഭവിച്ചപ്പോള്‍ ഇടപെടാന്‍ ത്രാണിയുള്ള ഭരണകൂടമോ കൂട്ടായ്മകളോ അറബ് ലോകത്തുണ്ടായില്ല.

(അവസാനിക്കുന്നില്ല.) $
Next Story

RELATED STORIES

Share it