സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടുമുതല്‍

തിരുവനന്തപുരം: പ്ലസ്ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കും. സേ പരീക്ഷയ്ക്ക് ഈമാസം 18 വരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മെയ് 20ന് മുമ്പ് സമര്‍പ്പിക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. സൂക്ഷ്മപരിശോധന, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് എന്നിവക്കും ഇതേ തിയ്യതിക്കകംതന്നെ അപേക്ഷിക്കണം. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും ബാധകമല്ല. എന്നാല്‍, ഈ വിഷയങ്ങളില്‍ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പര്‍ഒന്നിന് ഫീസ്. അപേക്ഷാഫോമുകളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. ഈവര്‍ഷം മാര്‍ച്ചില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. യോഗ്യത നേടാന്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്കു മുഴുവനും ഇവര്‍ക്ക് അപേക്ഷിക്കാം. പഴയ സിലബസില്‍ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തിനു മാത്രം അപേക്ഷിക്കാം. ഈ വര്‍ഷംആദ്യമായി പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഡിപ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിനുമാത്രം തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
Next Story

RELATED STORIES

Share it