സേഫ് കേരള മാസാചരണം: 2,224 സ്വകാര്യലാബുകളില്‍ പരിശോധന നടത്തി

തിരുവനന്തപുരം: ഈമാസം സേഫ് കേരള മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 48 ലാബുകള്‍ താല്‍കാലികമായി അടച്ചുപൂട്ടി.
2224 സ്വകാര്യ ലാബുകള്‍, ലാബുകളോടൊന്നിച്ച് പ്രവര്‍ത്തിക്കുന്ന 245 എക്‌സ്‌റേ യൂനിറ്റുകള്‍, 118 സ്‌കാനിങ് സെന്ററുകള്‍ എന്നിവയിലായിരുന്നു പരിശോധന. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ നടന്ന പരിശോധനയില്‍ 565 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം ബി, മഞ്ഞപ്പിത്തം സി, എച്ച്‌ഐവി തുടങ്ങിയവ പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ലബോറട്ടറികള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. 2639 ജീവനക്കാര്‍ ഉള്‍പ്പെടുന്ന 538 ടീമുകള്‍ ആണ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലയില്‍ ഇന്ന് പരിശോധന നടത്തും.
339 ലബോറട്ടറികളും 22 എക്‌സ്‌റേ യൂനിറ്റുകളും എട്ട് സ്‌കാനിങ് സെന്ററുകളും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പല സ്ഥാപനങ്ങളിലും മതിയായ യോഗ്യതയില്ലാത്തവരാണ് ലബോറട്ടറികള്‍ കൈകാര്യം ചെയ്തുവരുന്നത്. 89 ലബോറട്ടറികളിലും 16 എക്‌സ്‌റേ യൂനിറ്റുകളിലും പ്രവര്‍ത്തനക്ഷമതയില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും സംഘത്തിന് കാണാനായി. ഒമ്പത് സ്ഥാപനങ്ങളില്‍ അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. സംസ്ഥാനതലത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ആര്‍ രമേഷ്, ആരോഗ്യവകുപ്പ് പൊതുജനാരോഗ്യവിഭാഗം അഡീ. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് (സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ സേഫ് കേരള) ഡോ. വി മീനാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി.
പകര്‍ച്ചാവ്യാധി വ്യാപനം തടയാന്‍ സ്വകാര്യ ക്ലിനിക്കല്‍ ലബോറട്ടറികള്‍, ഹോട്ടലുകള്‍, മറ്റു ഭക്ഷണശാലകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണ സ്ഥലങ്ങള്‍, സ്‌കൂളുകള്‍, ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്താന്‍ മന്ത്രി വി എസ് ശിവകുമാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it