Sports

സെല്‍ഫ് ഗോളില്‍ വെയ്ല്‍സ് കടന്നു

പാരിസ്: കന്നി യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വെയ്ല്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗരെത് ബേലിന്റെ ടീം ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടംപിടിച്ചത്.
കളിയുടെ 75ാം മിനിറ്റില്‍ അയര്‍ലന്‍ഡ് താരം ഗരെത് മക്കോലിയുടെ സെല്‍ഫ് ഗോളാണ് വെയ്ല്‍സിന് ജയവും ക്വാര്‍ട്ടര്‍ ടിക്കറ്റും സമ്മാനിച്ചത്. ബേലിന്റെ മനോഹരമായ ക്രോസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അയര്‍ലന്‍ഡ് പ്രതിരോധ താരം മക്കോലിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ ചെന്ന് പതിക്കുകയായിരുന്നു. ബേലിനെ അതുവരെ സമര്‍ഥമായി പിടിച്ചുക്കെട്ടിയ അയര്‍ലന്‍ഡ് പ്രതിരോധം ഒന്ന് അഴഞ്ഞതാണ് വെയ്ല്‍സിന് നേട്ടമായത്.
കളിയില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും അയര്‍ലന്‍ഡിനു മേല്‍ വെയ്ല്‍സിനായിരുന്നു മുന്‍തൂക്കം. പക്ഷേ, ഗോളിന് വേണ്ടി അയര്‍ലന്‍ഡ് മൂന്ന് ഷോട്ടുകള്‍ പായിച്ചപ്പോള്‍ വെയ്ല്‍സ് ഒരു തവണ മാത്രമാണ് ഗോളിന് ശ്രമിച്ചത്. എങ്കിലും സെല്‍ഫ് ഗോളിലൂടെ വെയ്ല്‍സ് മല്‍സരം സ്വന്തമാക്കുകയായിരുന്നു.
കളിയുടെ 10ാം മിനിറ്റില്‍ അയര്‍ലന്‍ഡിന്റെ സ്റ്റുവര്‍ട്ട് ഡല്ലാസ് നടത്തിയ അപകടകരമായ മുന്നേറ്റം വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസി മികച്ച സേവിലൂടെ രക്ഷപ്പെടുത്തി. 19ാം മിനിറ്റില്‍ ആരണ്‍ റെംസി അയര്‍ലന്‍ഡ് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
22ാം മിനിറ്റിലും ഹെന്നസിയുടെ മികച്ച സേവ് വെയ്ല്‍സിനെ രക്ഷിച്ചു. അയര്‍ലന്‍ഡ് താരം ജാമി വാര്‍ഡിന്റെ ഗോള്‍ ശ്രമം ഹെന്നസി തകര്‍പ്പന്‍ സേവിലൂടെ കുത്തിയകറ്റുകയായിരുന്നു. ഇടയ്ക്കിടെ ബേലിലൂടെ ഗോള്‍ നീക്കം നടത്താനുള്ള വെയ്ല്‍സിന്റെ ശ്രമങ്ങള്‍ അയര്‍ലന്‍ഡ് പ്രതിരോധം വിഫലമാക്കി കൊണ്ടിരുന്നു.
53ാം മിനിറ്റില്‍ റെംസിയിലൂടെ മുന്നേറ്റം നടത്തിയെങ്കിലും വെയ്ല്‍സിന് ലക്ഷ്യം കാണാനായില്ല. 58ാം മിനിറ്റില്‍ 27 വാര അകലെനിന്ന് ബെല്‍ തൊടുത്ത ഫ്രീകിക്ക് അയര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ മൈക്കല്‍ മക്കോഗവന്‍ കൈകളിലൊതുക്കി.
75ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ അയര്‍ലന്‍ഡ് സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വെയ്ല്‍സ് ഗോള്‍ വല മാത്രം കുലുക്കാനായില്ല. ബെല്‍ജിയം-ഹംഗറി പ്രീക്വാര്‍ട്ടര്‍ വിജയികളെയാണ് ക്വാര്‍ട്ടറില്‍ വെയ്ല്‍സ് എതിരിടുക.
Next Story

RELATED STORIES

Share it