Pathanamthitta local

സെലിബ്രിറ്റി ക്രിക്കറ്റ് ഇന്നു സമാപിക്കും

പത്തനംതിട്ട: ബാറ്റിങ് മികവിലെ പൊതുപ്രവര്‍ത്തകരുടെ ജൈത്രയാത്ര തുടരുന്നു. പത്തനംതിട്ട പ്രസ്‌ക്ലബ്ബും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ജില്ലാ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ മീഡിയ ഇലവനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് എംഎല്‍എ ഇലവന്‍ ഫൈനലില്‍ കടന്നു.
ഇന്ന് രാവിലെ 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ എസ്പി ഇലവനും കലക്ടേഴ്‌സ് ഇലവനും ഏറ്റുമുട്ടും. വൈകീട്ട് 3.30നാണ് ഫൈനല്‍. കഴിഞ്ഞ ദിവസം മര്‍ച്ചന്റ്‌സ് ഇലവനെ പരാജയപ്പെടുത്തിയ അതേ മികവോടെയാണ് കെ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള എംഎല്‍എ ഇലവന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ നേരിടാനിറങ്ങിയത്. അന്‍സര്‍ മുഹമ്മദിന്റെ ഉജ്വല പ്രകടനത്തോടെയാണ് (30 പന്തില്‍ പുറത്താവാതെ 59) കെ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള എംഎല്‍എ ഇലവന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടത്.
ടോസ് നേടിയ മീഡിയ ഇലവന്‍ നായകന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ഷമീറിന്റെയും (22 പന്തില്‍ 42) ജസ്റ്റിന്റെയും (20 പന്തില്‍ 35) പ്രകടനത്തോടെ മീഡിയ ഇലവന്‍ നിശ്ചിത പത്ത് ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുത്തു.
മീഡിയ ഇലവനെ കളത്തില്‍ നയിച്ച അനീഷ് (13 പന്തില്‍ 10), വിനേഷ് (രണ്ടു പന്തില്‍ രണ്ട്), രഞ്ജി (പുറത്താകെ ഒരു പന്തില്‍ ഒന്ന്), വിഷ്ണു പനയ്ക്കല്‍ (രണ്ടു പന്തില്‍ മൂന്ന്) എന്നിവരും പിന്തുണയേകി. മറുപടി ബാറ്റിനിങിനിറങ്ങിയ എംഎല്‍എ ഇലവനു വേണ്ടി അന്‍സറിനൊപ്പം ഓപണിങിന് ഇറങ്ങിയ ധനേഷ് കൃഷ്ണന്‍ (13 പന്തില്‍ 31) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ധനേഷ് പുറത്തായപ്പോള്‍ എത്തിയ കെ എം രതീഷ്‌കുമാറും (11 പന്തില്‍ 18) റണ്‍റേറ്റ് കുറയാതെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.
രതീഷും പുറത്തായതോടെ എത്തിയ ആരിഫ് ഖാനെ കാഴ്ചക്കാരനാക്കി നിര്‍ത്തി അന്‍സര്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തു. അവസാന ഓവറിലേക്ക് കടന്നതോടെ മല്‍സരം ആവേശകരമായി.
അഞ്ചാം പന്തില്‍ സിക്‌സറോടെയാണ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അന്‍സര്‍ എംഎല്‍എ ഇലവന്റെ വിജയറണ്‍ നേടിയത്. 9.5 ഓവറില്‍ രണ്ടു വിക്കറ്റിന് 114. നേരത്തെ എംഎല്‍എ ഇലവനു വേണ്ടി ധനേഷും അന്‍സറും രതീഷും ഓരോ വിക്കറ്റുകളുമെടുത്തിരുന്നു. മീഡിയ ഇലവനു വേണ്ടി ഷമീര്‍ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
എംഎല്‍എമാരായ കെ ശിവദാസന്‍ നായരും ചിറ്റയം ഗോപകുമാറും രാജു ഏബ്രഹാമും ഇന്നലെയും ടീമിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ തവണ തങ്ങളെ സെമിയില്‍ തോല്‍പ്പിച്ച മീഡിയ ഇലവനോടുള്ള മധുരപ്രതികാരം കൂടിയായി എംഎല്‍എ ഇലവന്റെ വിജയം. എസ് സുരേഷ്, അഖില്‍ പി രവീന്ദര്‍ എന്നിവരാണ് കളി നിയന്ത്രിച്ചത്. ഇന്ന് ഫൈനല്‍ മല്‍സരത്തിനു ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് സമ്മാനം നല്‍കും.
Next Story

RELATED STORIES

Share it