സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്l; അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും

കൊച്ചി: ജനുവരിയില്‍ ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) ആറാം സീസണിലേക്കുള്ള അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ മോഹന്‍ലാല്‍ നയിക്കും. ജനുവരി 24ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരേയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മല്‍സരം. 31ന് ഹോം ഗ്രൗണ്ടായ കൊച്ചിയിലും ഏഴിന് ചെന്നൈയിലുമാണ് ടീമിന്റെ മറ്റു ലീഗ് മല്‍സരങ്ങള്‍.
ഫെബ്രൂവരി 13ന് ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ സെമി ഫൈനലുകളും 14ന് ഫൈനലും നടക്കും. അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ കൂടാതെ കര്‍ണാടക ബുള്‍ഡോഴ്‌സേഴ്‌സ്, ചെന്നൈ റിനോസ്, തെലുങ്കു വാരിയേഴ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ബോജ്പുരി ദബാംഗ്‌സ്, പഞ്ചാബ് ഡി ഷേര്‍, മുംബൈ ഹീറോസ് എന്നിവയാണ് സിസിഎല്ലില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
സിസിഎല്ലിന് ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഈ സീസണോടെ അവയെല്ലാം പരിഹരിക്കുമെന്നും ടീം മാനേജര്‍ ഇടവേള ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 താരങ്ങളെയാണ് ആദ്യ ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി ഒമ്പതിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്യാംപ് ആരംഭിക്കും. ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറെ ഉടന്‍തന്നെ തീരുമാനിക്കും. അവസാന ഘട്ട ടീം അംഗങ്ങളെ ജനുവരി പതിനഞ്ചോടെ പ്രഖ്യാപിക്കും. സിസിഎല്ലില്‍നിന്ന് ലഭിക്കുന്ന തുക ചെന്നൈ പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇടവേള ബാബു പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് ടീം മല്‍സരത്തിന് ഇറങ്ങുന്നതെന്ന് ആസിഫ് അലി പറഞ്ഞു.
ടീമംഗങ്ങള്‍: മോഹന്‍ ലാല്‍ (ക്യാപ്റ്റന്‍), ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, നിവിന്‍ പോളി, റിയാസ് ഖാന്‍, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, സൈജു കുറുപ്പ്, ബാല, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, സുരേഷ് നായര്‍, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്‍, ശ്രീജിത്ത് രവി, മുന്ന, അരുണ്‍ ബെന്നി, ഷെരീഫ് റഹ്മാന്‍, സഞ്ജു ശിവറാം, സുമേഷ് എന്നിവരാണ് ടീം അംഗങ്ങള്‍.
Next Story

RELATED STORIES

Share it