Sports

'സെമി ഫൈനല്‍' ലക്ഷ്യമിട്ട് കൊല്‍ക്കത്തയും ഹൈദരാബാദും

ന്യൂഡല്‍ഹി: ഐപിഎല്‍ സെമി ഫൈനലിന് തുല്ല്യമായ ക്വാളിഫയര്‍ രണ്ടിലേക്ക് യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ പോരടിക്കും.
ഫിറോഷ് ഷാ കോട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ക്വാര്‍ട്ടര്‍ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന കൊല്‍ക്കത്ത-സണ്‍റൈസേഴ്‌സ് എലിമിനേറ്റര്‍ പോരാട്ടം അരങ്ങേറുന്നത്. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീം ക്വാളിഫയര്‍ രണ്ടിലേക്കാണ് യോഗ്യത നേടുക. ക്വാളിഫെയര്‍ ഒന്നില്‍ തോറ്റ ടീമുമായാണ് ക്വാളിഫയര്‍ രണ്ടില്‍ ഇന്നത്തെ വിജയി ഏറ്റുമുട്ടുക. ക്വാളിഫയറില്‍ രണ്ടില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് സീസണിന്റെ തുടക്കത്തില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. എന്നാല്‍, അവസാന മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സിന് സ്ഥിരത നിലനിര്‍ത്താനായില്ല.
വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും മികച്ച ഫോം തന്നെയാണ് സണ്‍റൈസേഴ്‌സിന്റെ കരുത്ത്. ബൗളിങിലും സണ്‍റൈസേഴ്‌സ് താരങ്ങള്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. 14 മല്‍സരങ്ങളില്‍ എട്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് സണ്‍റൈസേഴ്‌സ് നേടിയത്.
അതേസമയം, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പഠാന്‍ നിര്‍ണായക ഘട്ടങ്ങളില്‍ നടത്തിയ മികച്ച ബാറ്റിങാണ് കൊല്‍ക്കത്തയെ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ സഹായിച്ചത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും കൊല്‍ക്കത്തയുടെ കരുത്താണ്. 14 മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it