സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; അമ്മയും മകനുമുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ചക്കരക്കല്ല്(കണ്ണൂര്‍) : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ചു. ചെമ്പിലോട് പള്ളിപ്പൊയില്‍ ചാത്തോത്ത് കുളത്തിനു സമീപത്തെ കൊടിവളപ്പില്‍ ഹൗസില്‍ രഘൂത്തമന്റെ ഭാര്യ സതി (56), മകന്‍ രതീഷ്‌കുമാര്‍ (36), ജോലിക്കാരനായ മുണ്ടേരി ചാപ്പ സ്വദേശിയും വളപട്ടണം മന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന മുനീര്‍ (42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം.
ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മുനീറിന്റെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ വീട്ടുടമയുടെ മകന്‍ രതീഷ് കുമാര്‍ ടാങ്കിലേക്ക് ഇറങ്ങുകയും ദുര്‍ഗന്ധം സഹിക്കാതെ കുഴഞ്ഞുവീഴുകയുമായിരുന്നു. രതീഷ്‌കുമാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ സതിയും ടാങ്കിലേക്ക് വീണു. ടാങ്കില്‍ നിന്നുള്ള വിഷഗന്ധം ശ്വസിച്ചാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ടാങ്ക് വൃത്തിയാക്കല്‍ തുടങ്ങിയത്.
ടാങ്കിലെ മാലിന്യം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് മറ്റൊരു കുഴിയിലേക്ക് നീക്കം ചെയ്തതിനു ശേഷമാണ് രാസപദാര്‍ഥം ഒഴിച്ച് വൃത്തിയാക്കല്‍ തുടങ്ങിയത്. അപകടം നടന്ന ഉടന്‍ കൂടെയുള്ള മുനീറിന്റെ സഹായി പ്രതാപനാണു പരിസരവാസികളെ വിവരമറിയിച്ചത്.
തുടര്‍ന്ന് ചക്കരക്കല്ല് പോലിസും മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതേദഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മുനീറിന്റെ ഭാര്യ: നബീസ. മക്കള്‍: മുനവിര്‍, മുഹ്‌സിന. സതിയുടെ ഭര്‍ത്താവ് രഘുത്തമന്‍ ചക്കരക്കല്‍ മില്‍മ ബൂത്ത് ജീവനക്കാരനാണ്. രതീഷിനെ കൂടാതെ ജിജേഷ് (ഗള്‍ഫ്), ജിഷ എന്നിവര്‍ മക്കളാണ്. പരേതനായ എടക്കാട് ഗോവിന്ദന്റെയും മൈഥിലിയുടെയും മകളാണു സതി. സഹോദരങ്ങള്‍: സുരേന്ദ്രന്‍, സുനില, സവിത, സുജാത. കോയ്യോട് ഹസ്സന്‍ മുക്കില്‍ ടെയ്‌ലറിങ് തൊഴിലാളിയാണ് രതീഷ്‌കുമാര്‍. ഭാര്യ: രസ്‌ന. മകള്‍: ദിയ. സതി, രതീഷ്‌കുമാര്‍ എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നുച്ചയ്ക്ക് ഒന്നിന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it