Kollam Local

സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം: രണ്ടാം പ്രതിയും അറസ്റ്റില്‍

അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടില്‍ ആള്‍പാര്‍പ്പില്ലാത്ത വീടിനു പിന്നിലെ സെപ്ടിക് ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. സംഭത്തിന് ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ കൂട്ടുപ്രതിയായ അഞ്ചാലുംമൂട് കുപ്പണ സ്വദേശി വിനോദാ(33)ണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വീട്ടമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയും സമീപവാസിയുമായ പടിഞ്ഞാറ്റേതില്‍ രാജേഷി(42)നെ രണ്ടാഴ്ച മുന്‍പ് കണ്ണൂരില്‍നിന്ന് പോലിസ് പിടികൂടിയിരുന്നു. വീട്ടമ്മയെ കൂട്ടുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ രാജേഷ് ആവശ്യപ്പെട്ടതു നിരസിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയതാണെന്നു നാട്ടുകാര്‍ കരുതിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ കൂട്ടുപ്രതിയായ വിനോദ് വിദേശത്തേക്കു കടക്കുകയായിരുന്നു. സംഭവം നടന്നു ഒരുവര്‍ഷത്തിനുശേഷം കാമുകന്‍ രാജേഷ് പിടിയിലായതോടെയാണു വിനോദിന്റെ പങ്കിനെക്കുറിച്ചും പോലിസിനു വിവരം ലഭിച്ചത്. വിനോദും രാജേഷും കൊലപാതകത്തിനുശേഷം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം വിനോദിന്റെ വീട്ടിലെത്തി പോലിസ് വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്നു വിദേശത്തുനിന്നും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിനോദിനെ കൊല്ലം വെസ്റ്റ് സിഐ ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് അഞ്ചാലുംമൂട്ടിലെ കുപ്പണയിലെത്തിച്ചു തെളിവെടുത്തു.
ഒരുവര്‍ഷം മുമ്പു കാണാതായ അഞ്ചാലുംമൂട് കുപ്പണ വെട്ടുവിള സ്വദേശിനിയായ ശ്രീദേവി(52)യുടെ മൃതദേഹം സെപ്ടിക്ക് ടാങ്കിലുണ്ടെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയതും കൊലപാതകം തെളിഞ്ഞതും.
Next Story

RELATED STORIES

Share it