സെന്‍സര്‍ ബോര്‍ഡ് നിയമനം; നാലംഗങ്ങളില്‍ രണ്ടു പേര്‍ സംഘപരിവാര സഹയാത്രികര്‍

ന്യൂഡല്‍ഹി: ചലച്ചിത്രമുള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ക്കു പ്രദര്‍ശനാനുമതി നല്‍കാന്‍ അധികാരമുള്ള ദേശീയ സ്ഥാപനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സിബിഎഫ്‌സി) പുതുതായി നിയമിക്കപ്പെട്ട നാല് അംഗങ്ങളില്‍ രണ്ടുപേര്‍ സംഘപരിവാര ബന്ധമുള്ളവര്‍.
കര്‍ണാടകയില്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായിരുന്ന കന്നഡ ചലച്ചിത്ര സംവിധായകന്‍ ടി എസ് നാഗഭരണ, ബിജെപി അംഗവും തമിഴ് സംഗീതസംവിധായകനുമായ ഗംഗായ് അമരന്‍ എന്നിവരെയാണ് ഇപ്പോള്‍ മറ്റു രണ്ടുപേരോടൊപ്പം ബോര്‍ഡിലെടുത്തിരിക്കുന്നത്. ഇളയരാജയുടെ സഹോദരന്‍കൂടിയായ അമരന്‍ കഴിഞ്ഞ ഡിസംബറിലാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. സുസ്മിത ദാസും ഡോ. ടി അനില്‍ കുമാറുമാണു പുതുതായി നിയമിക്കപ്പെട്ട മറ്റുരണ്ടുപേര്‍.
പ്രമുഖ ഭരതനാട്യ നര്‍ത്തകി ലീല സാംസണ്‍ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനം ഈ വര്‍ഷം ആദ്യത്തില്‍ രാജിവച്ചിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി ഇടപെടുന്നെന്നാരോപിച്ചായിരുന്നു രാജി.
ബോര്‍ഡില്‍ അഡീഷനല്‍ ചാര്‍ജുള്ള ഒരു സിഇഒയെ നിയമിക്കുക വഴി വാര്‍ത്താ, പ്രക്ഷേപണ മന്ത്രാലയം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും അഴിമതിക്കാരായ ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ വിലയിടിച്ചെന്ന് അവര്‍ പറഞ്ഞിരുന്നു. ലീലയുടെ രാജിക്കുശേഷം ഷാജി എന്‍ കരുണ്‍ അടക്കമുള്ള വേറെ 12 അംഗങ്ങളും ഫിലിം സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് അംഗത്വം രാജിവച്ചിരുന്നു. സിനിമാ നിര്‍മാതാവായ പങ്കജ് നിഹലാനിയാണ് നിലവില്‍ ചെയര്‍മാന്‍.
Next Story

RELATED STORIES

Share it