സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ ലൈംഗിക പീഡനം: മൂന്ന് യുഎന്‍ സൈനികര്‍ വിചാരണ നേരിടുന്നു

കിന്‍ഷാസ: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായ യുഎന്‍ സൈനികര്‍ കോംഗോയിലെ പ്രത്യേക കോടതിയില്‍ വിചാരണയ്ക്ക് ഹാജരായി.
കോംഗോ സ്വദേശികളായ സെര്‍ജന്റ് ജാക്‌സണ്‍ കികോള, സെര്‍ജന്റ് മേജര്‍ കികേബ മുലാംബ ജുമ, സെര്‍ജന്റ് മേജര്‍ സാസി ദാസു എന്നീ സൈനികരെയാണു കഴിഞ്ഞദിവസം കോടതി വിചാരണചെയ്തത്. യുഎന്‍ സമാധാന സൈനികരും ഫ്രഞ്ച് സൈനികരും ലൈംഗികമായി പീഡിപ്പിച്ചതായി സ്ത്രീകളും കുട്ടികളുമടക്കം 100ലധികം പേര്‍ പരാതിപ്പെട്ടിരുന്നു. കോംഗോ തലസ്ഥാനം കിന്‍ഷാസയിലെ നോള്‍ഡോ സൈനിക ജയില്‍ പരിസരത്തെ താല്‍ക്കാലിക കോടതിയിലാണ് ഇന്നലെ വിചാരണാ നടപടികള്‍ ആരംഭിച്ചത്. 17കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനാണ് ജാക്‌സണ്‍ കികോളക്കെതിരായ വിചാരണ. സമാനമായ കുറ്റത്തിനാണ് കികേബ മുലാംബ ജുമയെയും വിചാരണചെയ്യുന്നത്. ബലാല്‍സംഗ ശ്രമത്തിനാണ് മേജര്‍ സാസി ദാസുവിനെതിരായി കേസെടുത്തിട്ടുള്ളത്. വിചാരണയ്ക്കിടെ മൂന്നുപേരും കുറ്റം നിഷേധിച്ചു. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ നിന്നുതന്നെയുള്ള, സമാനമായ ആരോപണങ്ങള്‍ നേരിടുന്ന മറ്റ് 18 യുഎന്‍ സൈനികരും കോടതിയില്‍ സന്നിഹിതരായിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനായി പ്രതിവാരം മൂന്നു തവണ കോടതി ചേരും. വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കുമെന്ന് കോംഗോ നിയമകാര്യ മന്ത്രി അലെക്‌സിസ് താംബ്വെ മ്വാംബ അറിയിച്ചു.
അതേസമയം, സൈനികരുടെ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവരെ വിചാരണാവേളയില്‍ മാറ്റിനിര്‍ത്തിയതിനെമനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചു. നടപടി സത്യം പുറത്തുവരുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നു അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it