Kerala

സെന്‍കുമാറിനെ മാറ്റി; ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി

സെന്‍കുമാറിനെ മാറ്റി; ലോക്‌നാഥ്  ബെഹ്‌റ പുതിയ ഡിജിപി
X
tp-senkumar

തിരുവനന്തപുരം: പോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപി സ്ഥാനത്തുനിന്നു ടി പി സെന്‍കുമാറിനെ മാറ്റി. പകരം ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപിയാവും. എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്തുനിന്നു നീക്കി. അഴിമതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറാവും.
കഴിഞ്ഞ ദിവസം ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച പിന്നിടുന്നതിനു മുമ്പാണ് പോലിസ് മേധാവിതലത്തില്‍ അപ്രതീക്ഷിത അഴിച്ചുപണി. വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയത്. നേരത്തേ ഉത്തരമേഖല എഡിജിപി പത്മകുമാറിനെയും എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്രയെയും സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ പകരം നിയമനം നല്‍കിയിട്ടില്ല.
ജിഷ വധക്കേസിലെ അലംഭാവമാണ് ഇവരുടെ സ്ഥാനചലനത്തിന് കാരണമായത്. ജിഷ കൊലക്കേസില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഡിജിപിയെ മാറ്റുമ്പോള്‍ വകുപ്പ് കാരണം വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ ഒപ്പുവച്ചത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഇന്ന് ഔദ്യോഗിക ഉത്തരവ് ഇറക്കും. സാധാരണഗതിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലും ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റുന്നത് അപൂര്‍വമാണ്.
Next Story

RELATED STORIES

Share it