സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയമെന്ന് കേരളം

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി/കൊച്ചി: ഡിജിപി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതു സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത. സെന്‍കുമാറിനെ നീക്കിയതില്‍ ചട്ടലംഘനമുണ്ടായെന്നാണ് സെന്‍കുമാറിന്റെ പരാതി പരിഗണിക്കുന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തിലെ ഗുരുതര വീഴ്ചയാണു നടപടിക്കു കാരണമെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. കേസ് പരിഗണിക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി.
ഡിജിപി പദവിയില്‍ രണ്ടുവര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്നാണു ചട്ടമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ മാറ്റുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച് സുപ്രിംകോടതി നിര്‍ദേശമുണ്ട്. രണ്ടുവര്‍ഷത്തിനു മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ ഒരു കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണു ചട്ടം. സെന്‍കുമാറിന്റെ കാര്യത്തില്‍ ഇതു ലംഘിക്കപ്പെട്ടെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
എന്നാല്‍, കേരള പോലിസ് ചട്ടപ്രകാരം ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരെ നിശ്ചിത കാലാവധിക്കുമുമ്പ് നീക്കാന്‍ അധികാരമുണ്ടെന്നാണ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച മറുപടി സ്ത്യവാങ്മൂലത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം. പ്രകടന മികവ് വിലയിരുത്താന്‍ രൂപീകരിച്ച സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. പോലിസ് മേധാവിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു സെന്‍കുമാര്‍.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പോലിസ് സംവിധാനത്തില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടായതിന് ഉത്തരവാദി അദ്ദേഹം തന്നെ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണു ശ്രമിച്ചത്.
ജിഷ വധക്കേസിന്റെ തുടക്കംമുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലും വീഴ്ചകളുണ്ടായി. സെന്‍കുമാറിനെ മാറ്റി പുതിയ ഡിജിപി ചുമതലയേറ്റതോടെ ജിഷ വധക്കേസ് അന്വേഷണത്തിലടക്കം ഫലംകണ്ടു തുടങ്ങിയതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it