സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ നാലുലക്ഷം രൂപയും പരിക്കേറ്റവര്‍ക്കു സൗജന്യ ചികില്‍സയും നല്‍കും. സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിനുമുമ്പ് മരിച്ചവരുടെ കുടുംബത്തിന് ഈ തുക ലഭിക്കും. സൂര്യാതപമേറ്റാണു മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാവും തുക ലഭ്യമാക്കുകയെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി പ്രധാനമന്ത്രി, കൃഷിമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്കു മുഖ്യമന്ത്രി കത്തെഴുതും.
അഭൂതപൂര്‍വമായ ചൂടാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കടുത്ത ചൂടില്‍ ജോലിചെയ്യാനാവാത്തവര്‍ക്ക് കലക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ അനുവദിക്കും. കൃഷിനാശമുണ്ടായ 1,038 ഹെക്ടറിന് അടിയന്തര സാമ്പത്തികസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കാസര്‍കോട് ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു കൂടുതല്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കുഴല്‍ക്കിണര്‍ നിര്‍മാതാക്കളോടും വാഹനങ്ങളുമായി കാസര്‍ക്കോട്ടെത്താന്‍ അടിയന്തര നിര്‍ദേശം നല്‍കി. ആറു ജില്ലകളില്‍നിന്നുള്ള ജിയോളജിസ്റ്റുകള്‍ വെള്ളിയാഴ്ച കാസര്‍ക്കോട്ടെത്തും.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ കുടിവെള്ളക്ഷാമം നേരിടുന്നതിന് തെന്‍മല ഡാമില്‍നിന്ന് കൂടുതല്‍ വെള്ളമെത്തിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള കനാലുകള്‍ തുറന്നുവിടുന്നതിനു പ്രത്യേക നിര്‍ദേശം നല്‍കും. മെയ് മൂന്നോടുകൂടി കൊല്ലം ജില്ലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണും. മലമ്പുഴ ഡാമിലെ ജലം കുടിവെള്ളത്തിനു മാത്രമായി വിനിയോഗിക്കും. തിരുവനന്തപുരം ജില്ലയ്ക്കായി നെയ്യാര്‍ ഡാമില്‍ നിന്നു കൂടുതല്‍ ജലമെത്തിക്കും. ജലക്ഷാമം അനുഭവപ്പെടുന്ന ജില്ലകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ നടന്‍ മമ്മൂട്ടി അടക്കുമുള്ളവര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത്തരം ആളുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. ഇതിനായി 13 കോടി രൂപ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കന്നുകാലികളുടെ സംരക്ഷണത്തിനായി മരുന്നുകള്‍ വാങ്ങുന്നതിന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് രണ്ടുലക്ഷം രൂപ അനുവദിച്ചതായും റവന്യൂമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it