palakkad local

സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചു; 'കരിങ്കുരങ്ങനെയും' ജനം നെഞ്ചേറ്റി; തകര്‍ന്നടിഞ്ഞത് വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങള്‍

എം എം സലാം

പാലക്കാട്: 'വിഎസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും'.. 'കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണം'...എതിര്‍സ്ഥാനാര്‍ഥികളെ ഏറ്റവും മോശമായ രീതിയില്‍ വ്യക്തിഹത്യ ചെയ്ത എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള മറുപടി ജനം നല്‍കിയത് ബാലറ്റിലൂടെ.
വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിനിരയായ ഇരു സ്ഥാനാര്‍ഥികളും മികച്ച വിജയം കൊയ്‌തെടുത്തപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം തിരിച്ചടികള്‍ നേരിട്ടതും വെള്ളാപ്പള്ളി തന്നെ നേതൃത്വം കൊടുത്ത ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്. ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം എം മണിയെ അദ്ദേഹത്തിന്റെ മണ്ഡലമായ രാജാക്കാട്ട് പുനര്‍ നിര്‍മിച്ച ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോല്‍സവ ചടങ്ങിലാണ് വെള്ളാപ്പള്ളി പരിധിവിട്ടു ആക്ഷേപിച്ചത്. മണിയൊന്നും നിയമസഭയിലേക്കു പോവേണ്ട ആളല്ലെന്നും പൂരപ്പറമ്പിലേക്കു പോവേണ്ടയാളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കരിങ്കുരങ്ങിന്റെ നിറമുള്ള മണിക്ക് ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തരോട് വോട്ടു ചോദിക്കാനും എന്ത് അവകാശമാണുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മണ്ഡലത്തി ല്‍ മണിക്കുവേണ്ടി രംഗത്തിറങ്ങിയതായിരുന്നു വെള്ളാപ്പള്ളിയെ ചൊടിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ വോട്ടെണ്ണിയപ്പോള്‍ 50813 വോട്ടുകള്‍ നേടി മണി ഒന്നാം സ്ഥാനത്തും 49704 വോട്ടുകള്‍ നേടി യുഡിഎഫിന്റെ സേനാപതി രാജു രണ്ടാം സ്ഥാനത്തുമെത്തി. 21,799 വോട്ടുകള്‍ മാത്രം നേടി ബിഡിജെഎസ് സ്ഥാനാര്‍ഥി സജിപറമ്പത്ത് ഇവിടെ മൂന്നാം സ്ഥാനത്തേക്കു മൂക്കു കുത്തി വീണു. വെള്ളാപ്പള്ളി നടേശന്‍ വിജയം പ്രഖ്യാപിച്ചിരുന്ന ഉടുമ്പഞ്ചോലയിലെ ദയനീയ പ്രകടനത്തിന് നേതാവിന്റെ നാവിലെ വികടസരസ്വതി കാരണമായിയെന്നാണ് മണ്ഡലത്തിലെ ബിഡിജെഎസ് നേതാക്കളും കരുതുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ സികെ ജാനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു വിഎസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിനെ അരിയാഹാരം കഴിക്കുന്നവരും വിവരമുള്ളവരും വോട്ടു ചെയ്തു വിജയിപ്പിക്കുമെന്നും വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാട്ടത്തില്‍ നിന്നും കൂടുമാറിയെത്തിയ ജാനുവിനേയും പൊതുജനം കൈവിട്ടു. തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഏകദേശ വോട്ടായ 27920 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമാണ് ജാനുവിനും കഴിഞ്ഞത്. അതേ സമയം വെള്ളാപ്പള്ളി ഭൂരിപക്ഷം ലഭിക്കില്ലെന്നു ഉറപ്പിച്ചു പറഞ്ഞ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ 27,142 വോട്ടുകള്‍ നേടി വിജയിയാവുകയും ചെയ്തു.
കഴിഞ്ഞ തവണ 23,440 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന വിഎസ് ഇത്തവണയത് 27,142 വോട്ടുകളുടെ ഭൂരിപക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. 73,299 വോട്ടുകളാണ് മലമ്പുഴയില്‍ നിന്നും പ്രതിപക്ഷനേതാവ് ഇക്കുറി കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ പൊന്‍കുടത്തിനുള്ളില്‍ താമര വിരിയുന്നത് കാണാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അവകാശവാദം. കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്റര്‍ വരെ നല്‍കി വെള്ളാപ്പള്ളിയെ പ്രചാരണത്തിനിറക്കിയപ്പോള്‍ ഈഴവ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി പല മണ്ഡലങ്ങളിലും ജയിച്ചു കയറാമെന്നായിരുന്നു ബിജെപിയും കണക്കൂ കൂട്ടിയിരുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുകയും നേമത്തു എസ്എന്‍ഡിപിയുടെ സഹായമില്ലാതെ വിജയിച്ചു കയറുകയും ചെയ്തതോടെ ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലായിരിക്കുകയാണ്.
ഇതിനെല്ലാം പുറമേ ഇടതുപക്ഷം അധികാരത്തില്‍ വരുന്നതോടെ മൈക്രോഫിനാന്‍സ് തട്ടിപ്പടക്കമുളള കേസുകളിലും അന്വേഷണം നടക്കുമെന്നതും വെള്ളാപ്പള്ളിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it