Sports

സൂര്യന്‍ കത്തിജ്വലിച്ചു, മുംബൈ തകര്‍ന്നു;ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 85 റണ്‍സിന്റെ ഉജ്ജ്വല ജയം

വിശാഖപട്ടണം: സൂര്യാഘാതമേറ്റ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും വാടി. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ മുംബൈക്കെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉജ്ജ്വല ജയം സ്വന്തമാക്കി. 85 റണ്‍സിനാണ് രണ്ട് തവണ ചാംപ്യന്‍മാരായ മുംബൈയെ സണ്‍റൈസേഴ്‌സ് കെട്ടുകെട്ടിച്ചത്. ഓള്‍റൗണ്ട് മികവാണ് സണ്ണിന് സീസണിലെ ആറാം ജയം സമ്മാനിച്ചത്. സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ ഫോമിന് മുമ്പില്‍ മുംബൈക്ക് പിടിച്ചുനില്‍ക്കാന്‍ പോലും കഴിയാതെ പോവുകയായിരുന്നു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ഓപണിങ് വിക്കറ്റില്‍ നല്‍കിയത്. ഇരുവര്‍ക്കും പുറമേ യുവരാജ് സിങും  ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 177 റണ്‍സ് അടിച്ചെടുത്തു. ധവാന്‍ (82*) അര്‍ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ വാര്‍ണര്‍ 48 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 57 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ധവാന്‍ സണ്‍റൈസേഴ്‌സിന്റെ അമരക്കാരനായത്. 33 പന്ത് നേരിട്ട വാര്‍ണറിന്റെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 23 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ യുവരാജ് 39 റണ്‍സ് അടിച്ചെടുത്തു. മുംബൈക്കു വേണ്ടി ഹര്‍ഭജന്‍ സിങ് രണ്ടും മിച്ചെല്‍ മക്ലേഗന്‍ ഒരു വിക്കറ്റും വീഴ്ത്തി.മറുപടിയില്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് രണ്ട് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (5) വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലുമാണ് (0) പുറത്തായത്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതെ വന്നതോടെ മുംബൈയുടെ ചെറുത്ത് നില്‍പ്പ് 16.3 ഓവറില്‍ 92 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുംബൈ നിരയില്‍ മൂന്ന് താരങ്ങള്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത്. ഹര്‍ഭജന്‍ (21*), ക്രുനല്‍ പാണ്ഡ്യ (17), കിരോണ്‍ പൊള്ളാര്‍ഡ് (11) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. 22 പന്തില്‍ രണ്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഹര്‍ഭജന്റെ ഇന്നിങ്‌സ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആശിഷ് നെഹ്‌റയും മുസ്തഫിസുര്‍ റഹ്മാനുമാണ് മുംബൈ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കിയ നെഹ്‌റ രോഹിത്, അമ്പാട്ടി റായുഡു (6), ജോസ് ബട്ട്‌ലര്‍ (2) എന്നിവരെയാണ് പുറത്താക്കിയത്. മൂന്ന് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത മുസ്തഫിസുറിന്റെ ഇരകളായത് മുംബൈയുടെ വാലറ്റ നിരയായിരുന്നു. ബരിന്ദര്‍ സ്രാന്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, മോയ്‌സസ് ഹെന്റ്‌റിക്വസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നെഹ്‌റയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it