Kerala

സൂര്യനെല്ലി എസ്റ്റേറ്റിലും തൊഴിലാളികള്‍ സമരം തുടങ്ങി

സി എ സജീവന്‍

തൊടുപുഴ: മൂന്നാര്‍ പോരാട്ടത്തിന്റെ ചുവടുപിടിച്ച് ഹാരിസണ്‍ ഉടമസ്ഥതയിലുള്ള സൂര്യനെല്ലി എസ്റ്റേറ്റിലും സമരം തുടങ്ങി. ഹാരിസണ്‍ പ്ലാന്റേഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് ഐക്യ ട്രേഡ് യൂനിയന്റെ ആഹ്വാന പ്രകാരം സമരത്തിനിറങ്ങിയയത്. 20 ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.

എ.ഐ.ടി. യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. തുടങ്ങിയ സംഘടനകളാണ് സംയുക്തമായി സമരരംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് കൊളുന്ത് നുള്ളാന്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയവരാണ് ഇവിടുത്തെ തൊഴിലാളികള്‍. സ്വന്തമായി ഭൂമി ഇല്ല. അഞ്ച് തലമുറകളായി ലയങ്ങളിലാണ് ജീവിതം.

ശൗചാലയങ്ങളോ, കുടിവെള്ള സൗകര്യങ്ങളോ ഇവര്‍ക്കില്ല. മലിനീകൃതമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഇവരില്‍ പലരും രോഗികളാണ്. ദിവസേന 100 മുതല്‍ 150 കിലോഗ്രാം കൊളുന്ത് നുള്ളുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നില്ല. സൂര്യനെല്ലിയില്‍ കമ്പനി ആശുപത്രി പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും കാര്യക്ഷമമല്ല. 24 മണിക്കൂര്‍ സേവനമോ കിടത്തി ചികില്‍സയോ ഇല്ല.
ലാബോ, സ്‌കാനിങോ ഒന്നും ലഭ്യമല്ലാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലോ തമിഴ്‌നാട് തേനി മെഡിക്കല്‍ കോളജിലോ ആണ് ഇവര്‍ ചികില്‍സ തേടുന്നത്.
Next Story

RELATED STORIES

Share it