സൂര്യനും ഭൂമിക്കുമിടയിലൂടെ ബുധന്‍

ന്യൂയോര്‍ക്ക്: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ബുധന്‍ ഇന്നലെ സൂര്യനും ഭൂമിക്കുമിടയിലൂടെ കടന്നുപോയി. പത്തുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ബുധസംതരണം (ട്രാന്‍സിറ്റ് ഓഫ് മെര്‍ക്കുറി) എന്ന പ്രതിഭാസം നടന്നത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ ആഫ്രിക്ക എന്നിവിടങ്ങളിലും പ്രതിഭാസം ദൃശ്യമായി. സംതരണത്തെത്തുടര്‍ന്ന് തെക്കേ അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ബുധന്റെ നിഴല്‍ പതിഞ്ഞു. 100 വര്‍ഷത്തില്‍ 13 തവണ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുക. 2006ലാണ് ഇതിനുമുമ്പ് ബുധസംതരണമുണ്ടായത്. ഇനിയുണ്ടാവുക 2019ലും. ബൈനോക്കുലറുകളോ ടെലിസ്‌കോപോ ഇല്ലാതെ പ്രതിഭാസം ദൃശ്യമാവില്ലെന്നും സംതരണം ദൃശ്യമാകുന്നതിനായി സൂര്യനിലേക്കു നേരിട്ടു നോക്കുന്നത് കണ്ണിനു ക്ഷതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തെ വിവിധ ജ്യോതിശ്ശാസ്ത്ര കേന്ദ്രങ്ങള്‍ സംതരണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ബുധന്റെ ചലനത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ തല്‍സമയം പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it