സൂഫി സമ്മേളനത്തിനു സമാപനം

ന്യൂഡല്‍ഹി: ബിജെപിയുടെ താല്‍പര്യപ്രകാരം സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിന് സമാപനം. ഇന്നലെ രാംലീല മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ല്യാര്‍ പങ്കെടുത്തു.
സൂഫിസമെന്നാല്‍ പ്രത്യേക മതമോ പദ്ധതിയോ ആചാരമോ അല്ലെന്നും അത് ഹൃദയ ശുദ്ധീകരണ പ്രസ്ഥാനം മാത്രമാണെന്നും കാന്തപുരം പറഞ്ഞു. മതത്തിന്റെ യഥാര്‍ഥ വഴികളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളായിരുന്നു ത്വരീഖത്തുകള്‍. ഇതുവഴിയാണ് ജനങ്ങള്‍ മതത്തിന്റെ ആത്മീയസത്ത മനസ്സിലാക്കിയിരുന്നത്. സൂഫി മാര്‍ഗം സഹിഷ്ണുതയിലൂടെയും മാനവികതിലൂടെയും ലോകത്ത് സമാധാനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഭീകരതയ്ക്കും തീവ്രവാദത്തിനും ലോകത്തെ നാശത്തിലേക്ക് നയിക്കാനും മനുഷ്യബന്ധങ്ങള്‍ ശിഥിലമാക്കാനും മാത്രമേ കഴിയൂ എന്നും കാന്തപുരം പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്ന മുസ്‌ലിംവിരുദ്ധ സമീപനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നു സൂഫിസമ്മേളനം വിലയിരുത്തി.
ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി മുസ്‌ലിംകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അസഹിഷ്ണുത പ്രവണതകളില്‍ സമ്മേളനം ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റി തുടങ്ങിയ വേദികളില്‍ സൂഫി പാരമ്പര്യ വിശ്വാസികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, അജ്മീര്‍ ഖ്വാജയുടെ പേരില്‍ സൂഫി സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡല്‍ഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും സൂഫി സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
അഖിലേന്ത്യ മശാഇഖെ ഉലമാ ബോര്‍ഡ് പ്രസിഡന്റ് അഷ്‌റഫ് മിയ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it