Sports

സൂപ്പര്‍ സെവിയ്യ

ബാസെല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തി സെവിയ്യ ചരിത്രം കുറിച്ചു. ബാസെലില്‍ നടന്ന കലാശക്കളിയില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിനെ 3-1നു മുക്കിയാണ് സെവിയ്യ ഹാട്രിക് കിരീടത്തില്‍ മുത്തമിട്ടത്.
ഇതോടെ ചില റെക്കോഡുകളും സെവിയ്യ തങ്ങളുടെ പേരിലാക്കി. തുടര്‍ച്ചയായി മൂന്നു തവണ ജേതാക്കളാവുന്ന ആദ്യ ടീം, ഏറ്റവുമധികം തവണ യൂറോപ ലീഗില്‍ വെന്നിക്കൊടി പാറിച്ച ടീം (അഞ്ചു തവണ) എന്നീ നേട്ടങ്ങള്‍ക്കാണ് സെവിയ്യ അര്‍ഹരായത്.
കിരീടനേട്ടത്തോടെ യുവേഫ സൂപ്പര്‍ കപ്പിനു സെവിയ്യ യോഗ്യത നേടി. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള ഫൈനലിലെ വിജയിയാണ് സൂപ്പര്‍ കപ്പില്‍ സെവിയ്യയുടെ എതിരാളി.
സെന്റ് ജേക്കബ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ലിവര്‍പൂള്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഈ സീസണില്‍ ലിവര്‍പൂളിന് അടിതെറ്റുന്ന രണ്ടാമത്തെ ഫൈനലാണിത്. നേരത്തേ ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും റെഡ്‌സ് പരാജയപ്പെട്ടിരുന്നു.
ഇരട്ടഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ കോക്കെയാണ് സെവിയ്യയുടെ വിജയശില്‍പ്പി. മറ്റൊരു ഗോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെവിന്‍ ഗമെയ്‌റോയുടെ വകയായിരുന്നു. ഡാനിയേല്‍ സ്റ്റുറിഡ്ജാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍.
ഒന്നാംപകുതിയില്‍ 0-1നു പിന്നിലായിരുന്ന സെവിയ്യ രണ്ടാംപകുതിയില്‍ മാസ്മരിക പ്രകടനത്തിലൂടെ ലിവര്‍പൂളിനെ സ്തബ്ധരാക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ ആധിപത്യം
ആവേശത്തോടെ കളിച്ച ലിവര്‍പൂള്‍ ആദ്യപകുതിയില്‍ പലപ്പോഴും സെവിയ്യയെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് നടത്തിയത്. നിരന്തരം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ലിവര്‍പൂള്‍ ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കി.
എട്ടാം മിനിറ്റില്‍ത്തന്നെ ഡിഫന്റര്‍ എംറെ കാനിലൂടെ ലിവര്‍പൂള്‍ എതിര്‍ ഗോള്‍മുഖത്ത് ഭീതി പരത്തി. സ്റ്റുറിഡ്ജ് വലതുമൂലയില്‍ വച്ച് നല്‍കിയ പാസില്‍ കാനിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് സെവിയ്യ ഗോള്‍കീപ്പര്‍ സോറിയ ബ്ലോക്ക് ചെയ്യുകയായിരുന്നു.
മൂന്നു മിനിറ്റിനകം ലിവര്‍പൂള്‍ മുന്നിലെത്തേണ്ടതായിരുന്നു. നതാനിയേല്‍ ക്ലൈന്‍ വലതുമൂലയില്‍ വച്ച് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ സ്റ്റുറിഡ്ജിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും ഗോള്‍ലൈനില്‍ വച്ച് കാരിക്കോ ക്ലിയര്‍ ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ പന്തുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ച റോബര്‍ട്ടോ ഫിര്‍മിനോയെ സെവിയ്യ പ്രതിരോധതാരം ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
25ാം മിനിറ്റില്‍ സ്റ്റുറിഡ്ജിന്റെ ഗോള്‍ശ്രമം സെവിയ്യ ഗോളി സോറിയ വിഫലമാക്കി. സെവിയ്യ പ്രതിരോധത്തെ കബളിപ്പിച്ച് ആദം ലല്ലാന ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ സ്റ്റുറിഡ്ജ് വലയിലേക്ക് വഴിതിരിച്ചെങ്കിലും ഗോളി മുന്നോട്ടു കയറി വച്ച് തട്ടിത്തെറിപ്പിച്ചു.
32ാം മിനിറ്റിലാണ് സെവിയ്യയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍നീക്കമുണ്ടായത്. കോര്‍ണറിനൊടുവില്‍ ടീമംഗം നല്‍കിയ ക്രോസില്‍ ഗമെയ്‌റോയുടെ ബൈസിക്കിള്‍ കിക്ക് പോസ്റ്റിന്റെ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി.
35ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആധിപത്യത്തിന് അടിവരയിട്ട് സ്റ്റുറിഡ്ജ് ആദ്യ ഗോള്‍ നിക്ഷേപിച്ചു. ഫിലിപ്പെ കോട്ടീഞ്ഞോ ബോക്‌സിന്റെ ഇടതുമൂലയിലേക്ക് നല്‍കിയ പാസ് രണ്ടു സെവിയ്യ താരങ്ങളെയും ഗോളിയെയും കാഴ്ചക്കാരനാക്കി ബൂട്ടിന്റെ പുറംഭാഗം കൊണ്ട് സ്റ്റുറിഡ്ജ് വലയിലേക്കു പായിക്കുകയായിരുന്നു.
ചാംപ്യന്‍മാരുടെ ഗംഭീര തിരിച്ചുവരവ്
ആദ്യപകുതിയില്‍ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി പുറത്തെടുക്കാന്‍ കഴിയാതിരുന്ന സെവിയ്യ രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ ഗോള്‍ തിരിച്ചടിച്ച് സെവിയ്യ ലിവര്‍പൂളിനു മുന്നറിയിപ്പ് നല്‍കി. വലതുവിങില്‍ വച്ച് മരിയാനോ ബോക്‌സിനു കുറുകെ നല്‍കിയ തകര്‍പ്പന്‍ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗമെയ്‌റോ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
പിന്നീട് സെവിയ്യയുടെ തുടരെയുള്ള ആക്രമണങ്ങള്‍ക്കു മുന്നില്‍ ലിവര്‍പൂള്‍ പതറുന്നതാണ് കണ്ടത്. 64ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് സെവിയ്യ ലീഡ് കണ്ടെത്തി. ബോക്‌സിനുള്ളില്‍ വച്ച് കരുത്തുറ്റ ഷോട്ടിലൂടെയാണ് കോക്കെ വലകുലുക്കിയത് (2-1).
ആറു മിനിറ്റിനകം മൂന്നാം ഗോളും നേടി സെവിയ്യ കിരീടത്തില്‍ പിടിമുറുക്കി. ഓഫ്‌സൈഡ് കെണിയില്‍പ്പെടാതെ കോക്കെ തൊടുത്ത ഷോട്ട് ഗോളി മിഗ്‌നോലെറ്റിന്റെ കൈയില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു.
Next Story

RELATED STORIES

Share it