Editorial

സൂപ്പര്‍ രോഗങ്ങള്‍

വൈദ്യരേ, സ്വയം ചികില്‍സിക്കൂ എന്നു മലയാളികള്‍ പറയാറുണ്ടെങ്കിലും രോഗി സ്വയം ചികില്‍സിക്കുന്നത് ആപത്താണെന്നു ഗവേഷകര്‍. അത്തരം ചികില്‍സ അപകടപ്പെടുത്തുന്നതു രോഗിയെ മാത്രമല്ല; അത്തരം രോഗം ബാധിക്കാനിടയുള്ള മറ്റു മനുഷ്യര്‍ക്കും അത് ആപത്താണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ രോഗചികില്‍സയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഇപ്പോള്‍ സര്‍വസാധാരണമായി. ആളുകള്‍ ഡോക്ടറുടെ ഉപദേശമൊന്നുമില്ലാതെ അത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതു പതിവായി. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പഠനസംഘം പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും അവയുടെ ഫലസിദ്ധി ഇല്ലാതാക്കുകയാണ്. പലവിധ രോഗങ്ങളും ഇത്തരം മരുന്നുകളോടുള്ള പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നു. ഫലം, മരുന്നു കഴിച്ചാലും രോഗിക്ക് രോഗം മാറുകയില്ല. അത്തരം രോഗാണുക്കളെ സൂപ്പര്‍ ബഗ് എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ലോകത്ത് പ്രതിവര്‍ഷം ഏഴുലക്ഷം പേര്‍ മരിക്കുന്നുണ്ട.് എന്നാല്‍ 2050ല്‍ ഇതിന്റെ മാരകശേഷി പതിന്മടങ്ങാവും. ഒരു പഠനം പറയുന്നതു രോഗ പ്രതിരോധശേഷി നശിക്കുന്നതു കാരണം ഈ നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രതിവര്‍ഷ മരണം ഒരു കോടി കവിയുമെന്നാണ്. ഇതില്‍ ഭൂരിഭാഗവും ഏഷ്യയിലും ആഫ്രിക്കയിലും തന്നെയാവും സംഭവിക്കുക. അതിനാല്‍ മരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിക്കുകയാണു വേണ്ടത്.
Next Story

RELATED STORIES

Share it