സുഷമ പാകിസ്താനില്‍; ചര്‍ച്ച ഇന്ന്

ഇസ്‌ലാമാബാദ്: അഫ്ഗാന്‍ വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നല്ല ബന്ധത്തിന്റെ സന്ദേശവുമായാണ് താന്‍ എത്തിയതെന്നു സുഷമ സ്വരാജ് പറഞ്ഞു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായും വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായും കൂടിക്കാഴ്ച നടത്തുമെന്ന് സുഷമ അറിയിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സന്ദര്‍ശനത്തിനിടെ നടത്തുമെന്നും അവര്‍ പറഞ്ഞു. അതേസമയം, സുഷമയുമായുള്ള ചര്‍ച്ചകള്‍ക്കു മുന്നോടിയായി നവാസ് ശരീഫ് സുരക്ഷാ സിവില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ നാസിര്‍ ജാന്‍ജുഅ, ധനമന്ത്രി ഇസ്ഹാഖ് ധര്‍, ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഫ്ഗാന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനുള്ള 'ഏഷ്യയുടെ ഹൃദയം (ഹാര്‍ട്ട് ഓഫ് ഏഷ്യ)' സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി ഇന്നു നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ സുഷമ സ്വരാജ് പങ്കെടുക്കും.
Next Story

RELATED STORIES

Share it