Sports

സുവാറസിന്റെ അഭാവത്തില്‍ ഉറുഗ്വേയുടെ പടയൊരുക്കം

മൊണ്ടെവിഡിയോ: ബാഴ്‌സലോണ ഗോള്‍മെഷീന്‍ ലൂയിസ് സുവാറസിന്റെ അഭാവത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ കോപ അമേരിക്കയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പരിക്കുമൂലം വിശ്രമിക്കുന്ന സുവാറസ് കോപയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. കിങ്‌സ് കപ്പ് ഫൈനലില്‍ ബാഴ്‌സയ്ക്കായി കളിക്കുന്നതിനിടെയാണ് സുവാറസിനു പരിക്കേറ്റത്. സുവാറസ് പുറത്തിരിക്കുകയാണെങ്കില്‍ ടീമിന്റെ ആക്രമണച്ചുമതല ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ എഡിന്‍സന്‍ കവാനിക്കാവും.
എങ്കിലും സുവാറസിന്റെ നഷ്ടം നികത്താന്‍ കവാനിക്കു കഴിയില്ലെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാഴ്‌സയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 59 ഗോളുകള്‍ വാരിക്കൂട്ടിയ സുവാറസ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.
ചികില്‍സ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് സുവാറസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോപയ്ക്ക് മുമ്പ് ടീമിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞിരുന്നു.
ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ കൂടിയാണ് താരം. 85 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നു 45 ഗോളുകളാണ് സുവാറസിന്റെ സമ്പാദ്യം.
Next Story

RELATED STORIES

Share it