സുവര്‍ണ ട്രാക്കില്‍കേരളം...

പി എന്‍ മനു

കോഴിക്കോട്: കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ചാംപ്യന്മാര്‍ക്കു ചേര്‍ന്ന പ്രകടനവുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ ട്രാക്കില്‍ നിന്നു സ്വര്‍ണം വാരിയെടുത്തു. 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയുടെ ആദ്യദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എതിരാളികളില്ലാതെ കേരളം കുതിക്കുകയാണ്.
ഇന്നലെ നടന്ന ആറു ഫൈനലുകളില്‍ നാലിലും സ്വര്‍ണം കൊയ്താണ് കേരളം കരുത്തുകാട്ടിയത്. ഈയിനങ്ങളില്‍ മൂന്നു വെള്ളി കൂടി കേരളം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു.
നാലു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 29 പോയിന്റാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമുള്‍പ്പെടെ ഒമ്പതു പോയിന്റള്ള ഉത്തര്‍പ്രദേശാണ് രണ്ടാമത്. ഓരോ വെള്ളിയും രണ്ടു വെങ്കലവുമടക്കം അഞ്ചു പോയിന്റോടെ വിദ്യാഭാരതി മൂന്നാമതും ഒരു സ്വര്‍ണത്തോടെ അഞ്ചു പോയിന്റുമായി പഞ്ചാബ് നാലാമതുമാണ്.
അക്കൗണ്ട് തുറന്നത്  ബിബിന്‍ ജോര്‍ജ്
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ബിബിന്‍ ജോര്‍ജിലൂടെയാണ് കേരളം കായികമേളയില്‍ സുവര്‍ണ അക്കൗണ്ട് തുറന്നത്. ഇതേ ട്രാക്കില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മിന്നുന്ന പ്രകടനം നടത്തിയ ബിബിന്‍ തന്നെയായിരുന്നു മല്‍സരത്തിന്റെ ശ്രദ്ധാകേന്ദ്രം. എന്നാല്‍ നാട്ടുകാരനായ ഷെറിന്‍ ജോസ് കനത്ത വെല്ലുവിളിയുയര്‍ത്തിയെങ്കി ലും ബിബിന്‍ സ്വര്‍ണമെന്ന ലക്ഷ്യത്തിലേക്ക് പാഞ്ഞുകയറി. 14.57.95 സെക്കന്റിലാണ് താരം ജേതാവായത്. 14.58.74 സെക്കന്റെന്ന നേരിയ വ്യത്യാസത്തില്‍ ഷെറിന്‍ വെള്ളി നേടി. വിദ്യാഭാരതിയിലെ ധര്‍മേന്ദ്ര കുമാര്‍ യാദവിനാണ് വെങ്കലം.
ഇഞ്ചോടിഞ്ച്, ഒടുവില്‍ അലീഷ
5000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ രണ്ടു പേര്‍ തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. ഭാഗ്യത്തിനു അവര്‍ രണ്ടു പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. പി ആര്‍ അലീഷയും സാന്ദ്ര എസ് നായരുമായിരുന്നു ഇവര്‍. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചാംപ്യനായ സാന്ദ്രയ്ക്കായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം. അന്ന് അലീഷ രണ്ടാമതായിരുന്നു.
എന്നാല്‍ ഇന്നലെ കണക്കുകള്‍ മാറിമറിഞ്ഞു. സാന്ദ്രയെ പിന്നിലാക്കി അലീഷ സ്വര്‍ണത്തിലേക്ക് ഓടിക്കയറി. 17.46.64 സെക്കന്റിലാണ് അലീഷ ഫിനിഷിങ് ലൈന്‍ തൊട്ടതെങ്കില്‍ 17.57.25 സെക്കന്റില്‍ സാന്ദ്ര രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന അലീഷ മലപ്പുറം വെറ്റിലപ്പാറ പനച്ചിങ്കലില്‍ രാജുവിന്റേയും സുശീലയുടേയും മകളാണ്. കാല്‍വരി മൗണ്ട് എച്ച്എസ്എസില്‍ 10ാം തരത്തില്‍ പഠിക്കുന്ന സാന്ദ്ര നെടുങ്കണ്ടം സന്തോഷ് കുമാര്‍- അജിത ദമ്പതികളുടെ മകളാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കെ എം സുധപാലാണ് വെങ്കലം കരസ്ഥമാക്കിയത്.
3000 മീറ്ററിലും കേരളം ചിരിച്ചു
5000 മീറ്ററിനു പിറകെ ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3000 മീറ്റര്‍ ഇനത്തിലും കേരളം ആധിപത്യം കാണിച്ചു. ആണ്‍കുട്ടികളുടെ ഫൈനലാണ് ആദ്യം നടന്നത്. ഇതില്‍ കേരളത്തിന്റെ അജിത് പി എന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. 8.46.54 സെക്കന്റിലായിരുന്നു താരത്തിന്റെ സുവര്‍ണനേട്ടം. 8.47.69 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് കുമാറിനാണ് വെള്ളി. വിദ്യാഭാരതിയില്‍ നിന്നുള്ള ശ്യാം 8.49.37 സെക്കന്റില്‍ ഓടിയെത്തി വെങ്കലം കൈക്കലാക്കി.
പെണ്‍കുട്ടികളിലാണ് മീറ്റിലെ ആദ്യ റെക്കോഡ് പ്രകടനം കണ്ടത്. റെക്കോഡ് ഭേദിച്ചത് മാര്‍ ബേസി ല്‍ സ്‌കൂളില്‍ നിന്നുള്ള അനുമോള്‍ തമ്പിയാണ്. 9.47.19 സെക്കന്റിലാണ് അനുമോള്‍ കേരളത്തിന്റെ ഗോള്‍ഡ ണ്‍ ഗേളായത്. 2008ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ മീറ്റില്‍ റിതു ദിനകര്‍ സ്ഥാപിച്ച 10.00.03 സെക്കന്റെന്ന റെക്കോഡാണ് അ നുമോള്‍ക്കു മുന്നില്‍ വഴിമാറിയത്. കേരളത്തിന്റെ തന്നെ കെ ആര്‍ ആതിരയാണ് ഈയിനത്തില്‍ അനുമോള്‍ക്ക് പിന്നിലെത്തിയത്. 10.13.28 സെക്കന്റിലാണ് ആതിര ഫിനിഷ് ചെയ്തത്. ഹിമാചല്‍ പ്രദേശിന്റെ സീമ മൂന്നാമതെത്തി.
Next Story

RELATED STORIES

Share it