malappuram local

സുരക്ഷാ വീഴ്ച: ഗവര്‍ണറുടെ വാഹനത്തിന് വഴി തെറ്റി; എസ്‌ഐക്കെതിരെ നടപടിക്കു സാധ്യത

കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനായി കരിപ്പൂരിലെത്തിയ ഗവര്‍ണറുടെ വാഹനത്തിന് വഴി തെറ്റി.സുരക്ഷ വീഴ്ച അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതോടെ പെരിന്തല്‍മണ്ണ എസ്‌ഐ പി വിഷ്ണുവിനെതിരെ നടപടിയുണ്ടായേക്കും. ഇന്നലെ രാവിലെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി കരിപ്പൂരിലത്തെിയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ പോലിസ് അകമ്പടി വാഹനം വഴി മാറികൊണ്ടുപോവുകയായിരുന്നു.
വിമാനത്താവളത്തിലെ വിഐപി ഗേറ്റ് വഴിയാണ് ഗവര്‍ണര്‍ സ്ഥിരമായി അകത്തേക്ക് പ്രവേശിക്കാറുള്ളത്. ഇതിനുള്ള അനുമതിയുമുണ്ട്. വിഐപി ഗേറ്റിലൂടെ വിമാനത്താവളത്തിനകത്തെത്തിയതിന് ശേഷം ഗവര്‍ണറുടെ വാഹനം എടിസി ഗേറ്റ് വഴി റണ്‍വേയിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിഐപി ഗേറ്റ് വഴിയുള്ള ഗതാഗതം ഇന്നലെ താല്‍ക്കാലികമായി അടച്ചിരുന്നു.എന്നാല്‍ ഇതറിയാതെ ഗവര്‍ണറുടെ അകമ്പടി വാഹനം വിഐപി ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
ഇതോടെ എടിസി ഗേറ്റിനടുത്തേക്ക് പോവാനാകാതെ വാഹനം ആഭ്യന്തരടെര്‍മിനലിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഇവിടെ നിന്നു കാല്‍നടയായാണ് ടെര്‍മിനലിനകത്തേക്ക് പോയത്. വിമാനത്താവളത്തിലത്തെിയ ഗവര്‍ണറെ സ്വീകരിക്കാനും ആരുമെത്തിയിരുന്നില്ല. പോലിസ് വിഴ്ചയില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. ഇതോടെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗവര്‍ണറുടെ വഴി തെറ്റാനിടയായ സംഭവം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍ അന്വേഷിക്കും. അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം അകമ്പടി വാഹനത്തിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ എസ്‌ഐ പി വിഷ്ണുവിനെതിരെ നടപടിയുണ്ടായേക്കും. കരിപ്പൂരില്‍ കനത്ത സുരക്ഷക്കിടയിലാണ് പൈലറ്റ് വ്യൂഹത്തിന് വഴിതെറ്റിയത് വിവാദമായത്.

പ്രധാനമന്ത്രിക്ക് കരിപ്പൂരില്‍ ഉജ്ജ്വല സ്വീകരണം
കരിപ്പൂര്‍: കോഴിക്കോട് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല വരവേല്‍പ്പ്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. രാവിലെ 11.25 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി സ്വീകരണത്തിനു ശേഷം ഹെലികോപ്റ്റര്‍ വഴി കോഴിക്കോട്ടേക്ക് പോയി. ഗവര്‍ണറും മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് 1.45 ഓടെ കരിപ്പൂരില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിയെ യാത്രയയക്കാനും ഗവര്‍ണറും മുഖ്യമന്ത്രിയും കൂടെയെത്തി.
എംഐ ഷാനവാസ് എംപി, കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിജിപി ടിപി സെന്‍കുമാര്‍, സ്റ്റേറ്റ് പ്രൊട്ടോക്കോള്‍ ഓഫിസര്‍ ടിപി വിജയകുമാര്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജില്ലാ പോലിസ് മേധാവി കെ വിജയന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ധനന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുന, ബിജെപി നേതാക്കളായ നിര്‍മല കുട്ടികൃഷ്ണന്‍, കെ നാരായണന്‍, എം പ്രേമന്‍, കെ രാമചന്ദ്രന്‍, രവി തേലത്ത് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it