kannur local

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം

പഴയങ്ങാടി: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം. ജില്ല കൊടും വരള്‍ച്ചയിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണു ഭൂഗര്‍ഭജലം ഊറ്റുന്ന കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് അധികൃതര്‍ മൗനാനുവാദം നല്‍കുന്നത്. ഭൂഗര്‍ഭ അറകളിലെ ശുദ്ധജലം വന്‍തോതില്‍ ഊറ്റിയെടുത്ത് ഒരു സ്ഥലത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. 50,000 മുതല്‍ 60,000 രൂപ വരെയാണ് ഇതിനു ചെലവിടുന്നത്. താരതമ്യേന ചെലവ് കുറവായതിനാലും എളുപ്പത്തില്‍ ജലലഭ്യത സാധ്യമാക്കുന്നതിനാലും മിക്കവരും കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്ന പ്രവണത കൂടിവരികയാണ്. തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളില്‍ കുട്ടികള്‍ വീഴുന്നതു തടയാന്‍ സുപ്രികോടതി നിര്‍ദേശമുണ്ട്.
ഇതുപ്രകാരം നിര്‍മാണത്തിനു 15 ദിവസം മുമ്പെങ്കിലും സ്ഥലയുടമ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം. ജില്ലാ ഭരണകൂടം മുമ്പാകെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്വകാര്യ ഡ്രില്ലിങ് ഏജന്‍സികളും രജിസ്റ്റര്‍ ചെയ്യണം. കിണര്‍ നിര്‍മിക്കുന്നതിനു സമീപം ഡ്രില്ലിങ് ഏജന്‍സിയുടെയോ ഉപഭോക്തൃ ഏജന്‍സിയുടെയോ ഉടമയുടെയോ മേല്‍വലിസാം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ചുറ്റും മുള്ളുവേലിയോ മറ്റേതെങ്കിലും വേര്‍തിരിവോ ഉണ്ടാക്കണം. കിണറിനു ചുറ്റും സിമന്റിന്റെയോ കോണ്‍ക്രീറ്റിന്റെയോ പ്ലാറ്റ് ഫോറം നിര്‍മിക്കണം. വെല്‍ അസംബ്ലി അടയ്ക്കാനായി സ്റ്റീല്‍ അടപ്പ് വെല്‍ഡ് ചെയ്‌തോ ബോള്‍ട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പോ പിടിപ്പിക്കണം. പമ്പിന് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ കിണര്‍ മൂടി സംരക്ഷിക്കണം.
നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ മിഡ്പിറ്റുകളും ചാനലുകളും നികത്തണം. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എത്ര കുഴല്‍കിണറുകള്‍ കുഴിക്കുന്നു. എത്ര എണ്ണം ഉപയോഗത്തിലുണ്ട്, ഉപേക്ഷിക്കപ്പെട്ട എത്ര കിണറുകള്‍ തുറന്ന നിലയിലുണ്ട്, എത്ര എണ്ണം തറവട്ടം വരെ നന്നായി നിറക്കപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണം. ഗ്രാമീണമേഖലയില്‍ ഇത്തരം മോണിറ്ററിങ് നടത്തേണ്ടത് വില്ലേജ് ഓഫിസര്‍മാരും കൃഷിഭവനിലെ ഓഫിസര്‍മാരുമാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പലയിടത്തും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത്.നഗരപ്രദേശങ്ങളില്‍ ഇത് ഭൂജലവകുപ്പിലെയോ പൊതുജനാരോഗ്യ/നഗരസഭയിലെ ബന്ധപ്പെട്ട ജൂനിയര്‍ എന്‍ജിനീയറോ എക്‌സിക്യൂട്ടീവോ ആണ് ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it