thiruvananthapuram local

സുരക്ഷാസംവിധാനങ്ങള്‍ നിശ്ചലമാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോഷണശ്രമം

വിഴിഞ്ഞം: സുരക്ഷാസംവിധാനങ്ങള്‍ നിശ്ചലമാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോഷണശ്രമം. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കവര്‍ച്ചയ്ക്ക് കൊണ്ടുവന്ന ഉപകരണങ്ങള്‍ ഉപേക്ഷിച്ചു മോഷ്ടാക്കള്‍ കടന്നു. മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ചൊവ്വരയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനത്തിലാണ് കവര്‍ച്ചാശ്രമം നടന്നത്.
ഞായര്‍ അവധിയായതിനാല്‍ ഇന്നലെ രാവിലെ സ്ഥാപനം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം നടന്നതറിഞ്ഞത്. കെട്ടിടത്തിലെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ സ്ഥാപനത്തിലെ സുരക്ഷാ അലാം, ഫയര്‍ അലാം, സിസിടിവി സംവിധാനം എന്നിവ നിര്‍ജീവമാക്കി. തുടര്‍ന്ന് പണവും പണയ ഉരുപ്പടികളും സൂക്ഷിച്ചിരുന്ന ലോക്കറിലെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മോഷണശ്രമം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്കറിലെ ആന്റിതെഫ്റ്റ് ലോക്ക് സംവിധാനം പ്രവര്‍ത്തിച്ചതിനാലോ കട്ടറിലെ ഗ്യാസ് തീര്‍ന്നതിനാലോ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലിസ് നിഗമനം. 80 ലക്ഷം രൂപയുടെ പണയ ഉരുപ്പടികളും 4 ലക്ഷം രൂപയും ലോക്കറിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ സമീപത്തെ പുരയിടത്തില്‍ നിന്നും മോഷണത്തിനു കൊണ്ടുവന്നെന്ന് കരുതുന്ന ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, പ്ലെയര്‍, പാര ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തി. കൂടാതെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാക്കളുടേതെന്നു കരുതുന്ന രണ്ടു പേരുടെ ചിത്രങ്ങളും പോലിസിന് ലഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
രണ്ടില്‍ കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും വിഴിഞ്ഞം എസ്‌ഐ ബാലചന്ദ്രന്‍ അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് കോവളത്തെ മറ്റൊരു മുത്തൂറ്റ് സ്ഥാപനത്തില്‍ സമാന രീതിയില്‍ നടന്ന കവര്‍ച്ചയില്‍ ലക്ഷക്കണക്കിനു രൂപ മോഷണം പോയിരുന്നു.
Next Story

RELATED STORIES

Share it