സുരക്ഷയില്ലാതെ എടിഎമ്മുകള്‍

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളുടെയും എടിഎമ്മുകളും സിഡിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ. ഇന്നലെ വെളുപ്പിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആലുവ ദേശം ശാഖയുടെ എടിഎം കൗണ്ടര്‍ ബോംബ് വച്ച് തകര്‍ത്തത് ഇടപാടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റേതുള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎമ്മുകള്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിഭാഗം എടിഎമ്മുകള്‍ക്കും കാവല്‍ക്കാരനോ ഡോര്‍ ലോക്കിങ് സിസ്റ്റമോ ഇല്ല. എടിഎമ്മുകള്‍ക്ക് ബാങ്കുകള്‍ തുടക്കമിട്ട കാലത്ത് സുരക്ഷാഭീഷണി മുന്നില്‍ക്കണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. ആദ്യകാലങ്ങളില്‍ എടിഎം കാര്‍ഡ് സ്‌ക്രാച്ച് ചെയ്താല്‍ മാത്രമേ കൗണ്ടറിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ ഭൂരിഭാഗം എടിഎമ്മുകളിലും ഡോര്‍ ലോക്കിങ് സിസ്റ്റം ഇല്ല.
സംസ്ഥാനത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് (എസ്ബിടി) 242 എടിഎമ്മുകളും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ—ക്ക് (എസ്ബിഐ) 150 എടിഎമ്മുകളുമാണുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്. എടിഎമ്മിനുള്ളില്‍ കാമറ സ്ഥാപിക്കുന്നത് മാത്രമാണ് സുരക്ഷയായി ബാങ്ക് അധികൃതര്‍ ഉറപ്പുവരുത്തുന്നത്.
മിക്ക എടിഎമ്മുകളും വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിക്കുന്നത്. കൊച്ചി നഗരത്തിലെ എടിഎമ്മിനുള്ളില്‍ നിന്ന് കാലി മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ലഭിച്ച സംഭവം അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു.
ഡോര്‍ ലോക്കിങ് സിസ്റ്റം പ്രവര്‍ത്തിക്കാത്തതിനാല്‍ എടിഎമ്മിനുള്ളിലും സിഡിഎമ്മിനുള്ളിലും ഇടപാടുകള്‍ക്കെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടാനും എളുപ്പമാണ്.
എടിഎമ്മുകളില്‍ പലപ്പോഴും ചില്ലറ നോട്ടുകള്‍ ഇല്ലാത്തതും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. 1000, 500 നോട്ടുകള്‍ മാത്രമാണു മിക്കപ്പോഴും ലഭിക്കുന്നത്. എടിഎമ്മുകളില്‍ നിന്നു കേടായതും ഉപയോഗശൂന്യമായതുമായ നോട്ടുകള്‍ ലഭിക്കുന്നതും സാധാരണമായിരിക്കുകയാണ്.
എടിഎമ്മുകളില്‍ മതിയായ സുരക്ഷ ഉറപ്പാക്കി ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും ഡോര്‍ ലോക്കിങ് സിസ്റ്റം കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണു ഇടപാടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it