സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം; ജെയ്റ്റ്ലി ചൈനാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി: തനിക്കും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആക്രമണം തുടരുന്നതിനിടെ ചൈനാ സന്ദര്‍ശനം ഒരു ദിവസമാക്കി വെട്ടിച്ചുരുക്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തി.
ഈ മാസം 24നാണ് പഞ്ചദിന സന്ദര്‍ശനത്തിനായി ജെയ്റ്റ്‌ലി ചൈനയിലെത്തിയത്. ഏഷ്യന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബാങ്കിന്റെ (എഐഐബി) ഗവര്‍ണര്‍മാരുടെ ബോര്‍ഡ് മീറ്റിങായിരുന്നു മന്ത്രിയുടെ പ്രധാന പരിപാടികളില്‍ ഒന്ന്. ചൈനീസ് ധനമന്ത്രി ലു ജിവേയിയുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇന്നലെയായിരുന്നു കൂടിക്കാഴ്ച ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത്.
ഔദ്യോഗികമായി നിശ്ചയിച്ചിരുന്ന മറ്റു പരിപാടികളും പെട്ടെന്ന് പൂര്‍ത്തിയാക്കിയാണ് ജെയ്റ്റ്‌ലി ഇന്ത്യയിലേക്ക് തിരിച്ചത്. സന്ദര്‍ശനം വെട്ടിച്ചുരുക്കിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രാലയം തയ്യാറായില്ല. അതേസമയം, സ്വാമിയുടെ പരസ്യവിമര്‍ശനം തടയാന്‍ പാര്‍ട്ടി ഇടപെടാത്തത് ജെയ്റ്റ്‌ലിയെ ചൊടിപ്പിച്ചതായി റിപോര്‍ട്ടുകളുണ്ട്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ വിമര്‍ശിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യത്തിനെതിരേയും കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സ്വാമി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രിയെ കൂടി പരോക്ഷമായി വിമര്‍ശിക്കുന്ന വിധത്തിലായിരുന്നു സ്വാമിയുടെ പരാമര്‍ശങ്ങള്‍. പാര്‍ട്ടി എംപികൂടിയായ സ്വാമിയില്‍നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി വന്നിട്ടും അത് തടയുന്നതിന് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടാവുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പരിഭവം. ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ജെയ്റ്റ്‌ലി തന്റെ അതൃപ്തി പാര്‍ട്ടിയെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.
അതിനിടെ, സ്വാമിക്ക് സ്വകാര്യമായി താക്കീത് നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ കോണ്‍ഗ്രസ്സിനെയും സോണിയയെയും നെഹ്‌റു കുടുംബത്തെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച സ്വാമി, എംപിയായി മാറിയതിനു പിന്നാലെ സ്വന്തം പാര്‍ട്ടിയുടെ ഭരണ സംവിധാനത്തിന് എതിരെ തിരിഞ്ഞത് ബിജെപിക്കും കടുത്ത തലവേദനയായിട്ടുണ്ട്.
Next Story

RELATED STORIES

Share it