palakkad local

സുപ്രിംകോടതി വിധി അനുസരിക്കുന്നില്ല: നാട്ടാനകള്‍ക്ക് പീഡനകാലം

എം വി വീരാവുണ്ണി

പട്ടാമ്പി: തുലാവര്‍ഷം കഴിഞ്ഞ് വേനല്‍ ആരംഭിക്കുന്നതോടെ നാട്ടാനകളുടെ പീഡന സീസണും തുടങ്ങും. ജാതിഭേദമന്യേയുള്ള വേല, പൂരം, നേര്‍ച്ച മുതലായ ഉല്‍സവങ്ങളിലാണ് ഏറ്റവുമധികം ആനകള്‍ക്ക് പീഡനം അനുഭവിക്കേണ്ടി വരുന്നത്. മദമാസങ്ങളില്‍ മില്ലുകളിലും കൂപ്പുകളിലും മരത്തടി കൈകാര്യം ചെയ്യാനും ഇവയെ ഉപയോഗിക്കുന്നുണ്ടെങ്കിലും പീഡനം കുറവാണ്.
ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ പട്ടമ്പിക്കടുത്ത് പുലമാന്തോളിനടുത്തുള്ള(മലപ്പുറം ജില്ല) പാലൂര്‍ ആലഞ്ചേരി പൂരത്തില്‍ തൃശൂരിലെ ഗണപതി എന്ന ആന ഇടഞ്ഞ് പാപ്പാനെ കൊമ്പുകള്‍ക്കിടയിലിട്ട് ഞെരിച്ചു കൊന്നിരുന്നു. ഒരു ഡസന്‍ വാഹനങ്ങളും തകര്‍ത്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കൊപ്പം(പട്ടാമ്പി) നേര്‍ച്ചയോടനുബന്ധിച്ചുള്ള ഉല്‍സവത്തിലും ആന ഇടഞ്ഞ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ കഴിഞ്ഞ മാസമുണ്ടായ നേര്‍ച്ചയില്‍ ഇടഞ്ഞ ആന പാപ്പാനെ കൊന്നു. കുന്നംകുളത്തിനടുത്ത കാട്ടുകാമ്പലില്‍ ആന ഇടഞ്ഞ് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. ഈ ജനുവരി മുതല്‍ മാര്‍ച്ച് 31 വരേയുള്ള മൂന്നു മാസം ആറു മനുഷ്യ ജീവനാണു നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സ്വത്ത് നാശവും. കാട്ടുജീവിയായ ആനയെ ബലം പ്രയോഗിച്ചു നാട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുന്നത് തെറ്റാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
മാത്രമല്ല, ഏതു സമയവും മനുഷ്യരുടെ ശിക്ഷണത്തില്‍ നിന്നും മോചിതനായി സ്വതന്ത്രമായി ജീവിക്കാനുള്ള മാനസിക ത്വര ആനകള്‍ക്കുണ്ടെന്നും അനുഭവസഹിതം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യനേക്കാള്‍ നാലു ശതമാനം ചൂട് കുറച്ച് സഹിക്കനേ ആനകള്‍ക്കാവൂ. ചൂട് കൂടുതലാണെങ്കില്‍ ഇടക്കിടെ കുളിപ്പിക്കുകയും മതിയാവോളം ഭക്ഷണവും വെള്ളവും കൊടുക്കുകയും നില്‍ക്കുന്ന തറയിലും ആനയുടെ പുറം തൊലിയിലും ചണനൂല്‍ കൊണ്ടുള്ള ചാക്ക് നനച്ചിടണമെന്നും 2003 ഒക്ടോബര്‍ 18 ലെ സുപ്രിം കോടതി വിധിയില്‍ പറയുന്നു. രാവിലെ 8 മുതല്‍ രാത്രി 11 വരേയും വൈകീട്ട് 4 മുതല്‍ 8 വരേയും മാത്രമേ എഴുന്നള്ളിക്കാവൂ എന്നും നിര്‍ദ്ദേശിക്കുന്നു. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയെപറ്റി പ്രത്യേകം പരിശീലനം നേടിയ വിദഗ്ദരടക്കമുള്ള നാലു വെറ്റിനറി ഡോക്ടര്‍മാരടങ്ങുന്ന നാട്ടാന പീഡന നിവാരണ സമിതി രൂപീകരിച്ചു വേണം പ്രവര്‍ത്തിക്കാന്‍.
ഓണര്‍ഷിപ്പില്ലാത്ത ആനകളെ സര്‍ക്കര്‍ പിടിച്ചെടുത്ത് ഉടമകളുടെ കണക്കില്‍ സംരക്ഷിക്കണമെന്നും അല്ലാത്തവയെ എഴുന്നള്ളിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. ഇവയെ ഒന്നുകൂടി അടിവര ഇടുന്നതാണ് 2015 ആഗസ്ത് 18 ലെ സുപ്രിം കോടതി വിധി. ഇവയൊന്നും സ്വാധീനത്തിന്റെ മറവില്‍ പാലിക്കതെ പോവുമ്പോഴാണ് ആനകള്‍ ഇടയുന്നത് നിത്യസംഭവമാകുന്നത്. ഉല്‍സവം കാണാനെത്തിയ മദ്യപാനികള്‍ ശല്ല്യം ചെയ്യുന്നതും കാട്ടാകാമ്പലിലെ അനുഭവസ്ഥര്‍ തേജസിനോടു പറഞ്ഞു. 2016 ജനുവരി മുതല്‍ മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ ആനകള്‍ കൊന്ന ആറു പേരേയും രാവിലെ 11 നും വൈകീട്ട് 4 മണിക്കും ഇടയിലാണ്. സുപ്രിം കോടതി നിര്‍ദ്ദേശം പാലിച്ചിരിന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇനിയുള്ള ഉല്‍സവങ്ങളിലെങ്കിലും സുപ്രിം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് ആനപ്രേമികളുടെ ആവശ്യം.
Next Story

RELATED STORIES

Share it