സുപ്രിംകോടതി നിര്‍ദേശം കേന്ദ്രം നിരസിച്ചു

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി നിലവിലുള്ള സംവിധാനമായ കൊളീജിയം തുടരാമെന്നു സുപ്രിംകോടതി. കൊളീജിയം സംവിധാനം നവീകരിച്ചും സുതാര്യമാക്കുന്നതും സംബന്ധിച്ചു ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ നിലവിലുള്ള സംവിധാനം തുടരാം. ഇതോടെ കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവച്ചു. ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതോടെ, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചു കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും തമ്മിലുള്ള പുതിയ പോരിനു വേദിയൊരുങ്ങിയിരിക്കുകയാണ്. ഉന്നത കോടതികളിലെ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കരടുരേഖ തയ്യാറാക്കി സമര്‍പ്പിക്കാനാവില്ലെന്ന് കേന്ദ്രം ഇന്നലെ കോടതിയെ അറിയിച്ചു. കരടുരേഖ തയ്യാറാക്കാനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. ഭരണഘടനയില്‍ നടപടിക്രമ രേഖയുടെ കരട് തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചത്.
1998ല്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തയ്യാറാക്കിയ കൊളീജിയം സംവിധാനമാണ് നിലവില്‍ തുടരുന്നതെന്നും ഇതുവരെ വന്ന ചീഫ്ജസ്റ്റിസുമാരെല്ലാം ഇതുതന്നെയാണ് പിന്തുടരുന്നതെന്നും മുകുള്‍ റോഹത്ഗി പറഞ്ഞു. കൊളീജിയം സംവിധാനത്തില്‍ ചീഫ്ജസ്റ്റിസ് നാലു മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചിക്കുന്നതാണ് രീതി. ചീഫ്ജസ്റ്റിസുമായി കൂടിയാലോചിച്ച് കൊളീജിയം പരിഷ്‌കരണത്തിനുള്ള കരട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. അല്ലെങ്കില്‍ കൊളീജിയം സ്വന്തം നിലയ്ക്കു പരിഷ്‌കരിച്ചാലും മതിയെന്നും റോഹത്ഗി പറഞ്ഞെങ്കിലും കോടതി ഇതിന്‍മേല്‍ അഭിപ്രായ പ്രകടനം നടത്തിയില്ല.
അതേസമയം, കരടുരേഖ നല്‍കാന്‍ തയ്യാറാണെന്ന് മുകുള്‍ റോഹത്ഗി തന്നെ കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതിയെ അറിയിക്കുകയും കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it