സുപ്രിംകോടതി ഉത്തരവിനും വിലയില്ല; കനയ്യക്ക് കോടതിവളപ്പില്‍ മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെഎന്‍യു കേസ് പരിഗണിക്കവെ ഇന്നലെയും പട്യാല ഹൗസ് കോടതിയില്‍ സംഘപരിവാര അനുകൂലികളായ അഭിഭാഷകരുടെ അക്രമം. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വൈകീട്ട് മൂന്നോടെയാണു സംഭവം.
കനത്ത സുരക്ഷയിലാണ് കനയ്യയെ കോടതിയിലേക്ക് കൊണ്ടുവന്നത്. വിദ്യാര്‍ഥി നേതാവിനെ മര്‍ദ്ദിച്ചവശനാക്കിയ അഭിഭാഷകര്‍, നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഈസമയം ചിലര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടായിരുന്നു. കനയ്യകുമാറിന്റെ മൂക്കിനും കൈക്കും പരിക്കേറ്റു. ഏതാനും സമയത്തിനു ശേഷമാണ് അഭിഭാഷകരെ പോലിസ് മാറ്റിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കനയ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും മര്‍ദ്ദിച്ച അഭിഭാഷകര്‍ തന്നെയാണ് ഇന്നലെയും ആക്രമണം അഴിച്ചുവിട്ടത്.
അതിനിടെ, പട്യാല ഹൗസ് കോടതിയിലെ അനിഷ്ടസംഭവങ്ങളില്‍ സുപ്രിംകോടതി ശക്തമായി ഇടപെട്ടു. കര്‍ശന സുരക്ഷയൊരുക്കണമെന്ന് നിര്‍ദേശമുണ്ടായിട്ടും അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണിത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണു സംഭവം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 10 മിനിറ്റിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.
കൂടാതെ, വിഷയം പഠിക്കാന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മുതിര്‍ന്ന അഭിഭാഷകരെ പട്യാല കോടതിയിലേക്ക് അയച്ചു. എ ഡി എന്‍ റാവു, രാജീവ് ധവാന്‍, ദുശ്യന്ത് ദവെ, ഹരിന്‍ റാവല്‍ എന്നിവരാണ് അഭിഭാഷക കമ്മീഷനിലെ മറ്റംഗങ്ങള്‍. കോടതിയിലെത്തിയ ഇവര്‍ക്കെതിരേ ഒരുവിഭാഗം അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചു. ഇവരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
തങ്ങളെ പാകിസ്താന്‍ ചാരന്‍മാരെന്ന് അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി അഭിഭാഷക കമ്മീഷന്‍ അറിയിച്ചു. സംഘം ഇന്ന് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാറോടും റിപോര്‍ട്ട് തേടി. അതേസമയം, ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയെ സുപ്രിംകോടതി വിളിപ്പിച്ചു. അക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ബസ്സിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു കോടതി പറഞ്ഞു. ഒട്ടും സുരക്ഷയില്ലാത്ത ഒരിടത്ത് എങ്ങിനെ കേസ് നടപടികള്‍ തുടരുമെന്നു ചോദിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രയും അടങ്ങുന്ന ബെഞ്ച്, വെള്ളിയാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന വിസ്താരം മാറ്റിവയ്ക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. പട്യാല കോടതിയില്‍ നിന്ന് എല്ലാ അഭിഭാഷകരെയും അടിയന്തരമായി ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it