Districts

സുന്നി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി

മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതായി പരാതി. മൊറയൂര്‍ വാലഞ്ചേരിയിലാണ് ആഹ്ലാദപ്രകടനത്തിനിടെ നാലു എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരെ നാലുപേരെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുള്ളത്.കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്കു വരുകയായിരുന്ന എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് ഫൈസി, എം പി കബീര്‍, സക്കരിയ്യ പട്ടത്ത്, ഷാക്കിര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ മര്‍ദ്ദനമേറ്റത്. ഇവരെ മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'ഞങ്ങളെ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞവരല്ലെ' എന്നുപറഞ്ഞ് കാറില്‍നിന്നു പുറത്തിറക്കി ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തുവെന്ന് അക്രമത്തിനിരയായവര്‍ പറയുന്നു. മുസ്‌ലിംലീഗിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടും ലീഗ് പ്രവര്‍ത്തകര്‍ ഇവരെ വിട്ടില്ലെന്നും പരാതിയുണ്ട്.

മലപ്പുറം ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിക്കെതിരേ സമസ്ത ഇകെ വിഭാഗം നേതാക്കള്‍ കണ്‍വന്‍ഷന്‍ ചേര്‍ന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതു വിവാദമാവുകയും എസ്‌വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെ സംഘടനയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സുന്നി പ്രവര്‍ത്തകര്‍ക്ക് ലീഗ് പ്രവര്‍ത്തകരില്‍നിന്ന് ആക്രമം ഉണ്ടായത്. ലീഗിനെതിരേ പ്രവര്‍ത്തിച്ചതിലുള്ള രോഷമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. സുന്നി പ്രവര്‍ത്തകരെ അക്രമിച്ചതില്‍ ഓള്‍ ഇന്ത്യ ഇമാം സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പണ്ഡിതരെ ആക്രമിക്കുന്ന ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് ഓള്‍ ഇന്ത്യ  ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികളായ ഇസ്ഹാഖ് ബാഖവി, മുഹിയുദ്ദീന്‍ സൈനി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it