kozhikode local

സുനാമി മോക്ഡ്രില്‍ ഇന്ന് ഉച്ചയ്ക്ക് സൗത്ത് ബീച്ചില്‍

കോഴിക്കോട്: സുനാമി ദുരന്തമുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും അടിയന്തര സാഹചര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്രമാത്രം സജ്ജമാണെന്ന് പരിശോധിക്കുന്നതിനുമായി ഇന്ന് ഉച്ചയോടെ കോഴിക്കോട് സൗത്ത് ബീച്ചില്‍ സുനാമി മോക്ഡ്രില്‍ സംഘടിപ്പിക്കും.
ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് ഭാഗം മുതല്‍ ഫ്രാന്‍സിസ് റോഡ് ഭാഗം വരെയുള്ള പ്രദേശത്തെയാണ് മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുനാമി ദുരന്ത മുന്നറിയിപ്പുണ്ടാവുന്ന പക്ഷം പോലിസ്, അഗ്നിശമന സേന, തീരദേശ പോലിസ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ തല്‍സമയ ആവിഷ്‌കാരമാണ് മോക്ഡ്രില്ലില്‍ നടക്കുക. ഉച്ചയോടെ തിരുവനന്തപുരത്തെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ നിന്ന് സുനാമി അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലയില്‍ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ കണ്‍ട്രോള്‍ റൂമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. യഥാര്‍ഥ സുനാമി മുന്നറിയിപ്പ് ലഭിച്ചാലെന്ന പോലെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മോക്ഡ്രില്ലിന്റെ ഭാഗമായി നടക്കും. ജനങ്ങളെ സുനാമി സാധ്യതയെക്കുറിച്ച് അറിയിക്കുന്നതിന് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് സംവിധാനമൊരുക്കുക, കടലില്‍ നിന്ന് 250 മീറ്റര്‍ വരെ അകലത്തില്‍ താമസിക്കുന്നവരെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍ക്കുക, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് തീരത്തെത്തുവാനും ആളുകളെ എളുപ്പത്തില്‍ ഒഴിപ്പിക്കാനുമാവുംവിധം ട്രാഫിക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുക, അപകടത്തില്‍പെടുന്നവര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിന് സമീപത്തെ ആശുപത്രികളില്‍ സജ്ജീകരണങ്ങളൊരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് ഏകോപിപ്പിക്കും.
പോലിസ്, ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ ഇതിനായി സജ്ജീകരിക്കും. കോഴിക്കോടിനു പുറമെ സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിലും ഇന്ന് സുനാമി മോക് ഡ്രില്ലുകള്‍ നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it