സുനന്ദയുടെ ദുരൂഹ മരണം: ശശി തരൂര്‍ എംപിയെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപിയെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വാഷിങ്ടണിലെ എഫ്ബിഐ ഫോറന്‍സിക് ലാബില്‍ നിന്നു ലഭിച്ചശേഷമാണ് ഡല്‍ഹി പോലിസ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതിനായി 25 ചോദ്യങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്നാണു റിപോര്‍ട്ടുകള്‍. എഫ്ബിഐയുടെ പരിശോധനാ ഫലത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തരൂരിനെ ചോദ്യം ചെയ്യുന്നത് സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അമേരിക്കയിലുള്ള ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബാസി മടങ്ങിയെത്തിയാലുടന്‍ തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സുനന്ദയും തരൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ചോദിച്ചറിയാന്‍ ഡല്‍ഹി പോലിസ് എക്കണോമിക് ഒഫന്‍സസ് വിംഗിന്റെ സഹായം തേടിയിട്ടുണ്ട്. തരൂരിനെ ചോദ്യം ചെയ്യാനായി ഇവരും പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. കേസിലെ സാമ്പത്തിക വശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ചയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തരൂരിനെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷമുണ്ടാവുമെന്നാണ് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തരൂരിനെ പോലിസ് നേരത്തേ മൂന്നു തവണ ചോദ്യം ചെയ്തിരുന്നു.
സുനന്ദയുടെ മരണം വിഷം അകത്തു ചെന്നുതന്നെയാണെന്ന് എഫ്ബിഐ റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it