സുധീരനെതിരേ ഗ്രൂപ്പുകളുടെ പടയൊരുക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ വി എം സുധീരനെതിരേ വീണ്ടും എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ സുധീരന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനു പരാതി നല്‍കി.
വിവാദ ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് ശരിയായില്ലെന്ന സുധീരന്റെ പ്രസ്താവനയാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. പാര്‍ട്ടി ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കെപിസിസി പ്രസിഡന്റ് തന്നെ ലംഘിച്ചെന്നും ഇത് അച്ചടക്കലംഘനമാണെന്നുമാണു പരാതി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും പരാതി നല്‍കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. സുധീരന്റെ പ്രസ്താവനയുടെ വീഡിയോദൃശ്യങ്ങളും തെളിവായി നല്‍കും. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ രാഹുല്‍ഗാന്ധി വിളിച്ച യോഗം അടുത്ത മാസം ഏഴിനു ചേരാനിരിക്കെയാണ് സുധീരനെതിരേ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമെന്നതും ശ്രദ്ധേയമാണ്.
എംഎല്‍എമാര്‍, പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവര്‍, കെപിസിസി നേതൃസ്ഥാനത്തുള്ളവര്‍, പോഷകസംഘടനാ നേതാക്കള്‍ അടക്കം 54 പേരുമായാണ് കൂടിക്കാഴ്ച. കേരളത്തിന്റെ രാഷ്ട്രീയസാഹചര്യവും പാര്‍ട്ടിയുടെ അവസ്ഥയും യോഗം വിലയിരുത്തും. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനാണെന്നും നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പുകളുടെ ആവശ്യം. ഈ സാഹചര്യത്തില്‍ സുധീരനെതിരായ ഗ്രൂപ്പുകളുടെ ഐക്യം നേതൃമാറ്റത്തിന് ആക്കംകൂട്ടും. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരേ സുധീരന്‍ പരസ്യവിമര്‍ശനം നടത്തിയത്.
യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ മുന്‍കൈയെടുത്ത ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജു രമേശിന്റെ മകളെ അടൂര്‍ പ്രകാശിന്റെ മകനാണ് വിവാഹം ചെയ്യുന്നത്. സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തത് എങ്ങനെ തെറ്റാവുമെന്നാണ് എ, ഐ നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം.
Next Story

RELATED STORIES

Share it