Middlepiece

സീസറുടെ പാവം ഭാര്യമാര്‍

സീസറുടെ പാവം ഭാര്യമാര്‍
X
slug-madhyamargamമലയാളികള്‍ വെറും ഒന്നോ രണ്ടോ ദിവസംകൊണ്ടാണ് സീസറെയും ഭാര്യമാരെയും നെഞ്ചിലേറ്റിയത്. അങ്ങാടികളിലും കുടുംബസദസ്സുകളിലും എന്തിനേറെ നാലാള്‍ കൂടുന്നിടത്തെല്ലാം പ്രധാന ചര്‍ച്ചാവിഷയം. ജസ്റ്റിസ് കെമാല്‍ പാഷയുടെ പരാമര്‍ശമാണ് സീസര്‍ക്കും ഭാര്യമാര്‍ക്കും പ്രചുരപ്രചാരം ഉണ്ടാക്കിയത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് ജഡ്ജി പറഞ്ഞത്. സീസറുടെ ഭാര്യമാര്‍ സംശയത്തിന് അതീതതരായിരിക്കണമെന്ന് ചില രാഷ്ട്രീയനേതാക്കളും ആവശ്യപ്പെട്ടു. അതോടെ സീസറിന് ഒരുപാട് ഭാര്യമാരുണ്ടെന്ന് മനസ്സിലായി. സീസറും ഭാര്യമാരും എവിടെയുള്ളവരാണെന്നും അവര്‍ എന്താണു ചെയ്തതെന്നും വിധിപ്രസ്താവത്തില്‍ കാണാത്തതാണ് ജനങ്ങളെ കുഴക്കിയത്. ചാനലുകള്‍ അത് വെളിപ്പെടുത്തുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. പക്ഷേ, സീസറും ഭാര്യയും, സീസറും ഭാര്യമാരും എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും പുറത്തേക്കുവന്നില്ല.
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സീസര്‍ ഏവരും ആദരിക്കേണ്ട വലിയൊരു ആളാണെന്നും അദ്ദേഹത്തിനു കുറേ ഭാര്യമാരുണ്ടെന്നും സാമാന്യമായി മനസ്സിലാക്കി. മറ്റൊരു കാര്യം കൂടി ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. സീസര്‍ കോഴക്കേസിലോ മറ്റ് അഴിമതിക്കേസിലോ ഉള്‍പ്പെട്ട ആളാണെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ സംശയം ഉയര്‍ന്നിട്ടുണ്ടെന്നും മനസ്സിലായി. സീസര്‍ ഉള്‍പ്പെട്ട കോഴക്കേസിനെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ച. സീസര്‍ ആരാണ്, എവിടെയാണ് എന്ന കാര്യത്തില്‍ ചര്‍ച്ചയായി, അന്വേഷണമായി, പുസ്തകത്തില്‍ പരതലായി. അങ്ങനെ പരതിയപ്പോഴാണ് ഒരു തടിച്ച പുസ്തകം കിട്ടിയത്. നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍. 50 വര്‍ഷം എംഎല്‍എയും 23 വര്‍ഷം മന്ത്രിയുമായ മനുഷ്യനല്ലേ? ഇത്രയുംകാലം നിയമസഭയില്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ? ആദ്യം കിട്ടിയ പ്രസംഗം 40 വര്‍ഷം മുമ്പുള്ളതാണ്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലം. മന്ത്രി മാണിയുടെ അത്യുജ്വല പ്രസംഗം. പ്രസംഗം കത്തിക്കയറുന്നതിനിടയില്‍ സീസറും ഭാര്യയും അതാ കടന്നുവരുന്നു. ഭാര്യ സംശയത്തിന് അതീതയാവണമെന്ന ഒറ്റ വാചകം. തുടര്‍ന്നു വായിച്ച പല പ്രസംഗങ്ങളിലും രണ്ടോ മൂന്നോ ബജറ്റ് പ്രസംഗങ്ങളിലും സീസറെയും ഭാര്യയെയും കാണാനുണ്ട്. ആരാണ് ഈ സീസറെന്ന് അദ്ദേഹം എവിടെയും സൂചിപ്പിച്ചിട്ടില്ല.
ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും മന്ത്രി മാണിക്കും സീസറെയും ഭാര്യമാരെയും നന്നായി അറിയാമെന്ന് ജനത്തിനു ബോധ്യമുണ്ട്. പക്ഷേ, ജനം എങ്ങനെ അവരോട് ചോദിക്കും. ഇതിനിടയിലാണ് കൂട്ടരേ ചില ബുദ്ധിജീവികള്‍ ചാടിവീണത്. വില്യം ഷേക്‌സ്പിയറുടെ കൃതിയിലുള്ള സീസറും ഭാര്യയുമാണ് ഇതെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം.
ഒടുക്കം സത്യം പുറത്തുവന്നു. റോമാസാമ്രാജ്യം ഭരിച്ച ജൂലിയസ് സീസറുടെ ആദ്യഭാര്യ മരിച്ചുപോയി. രണ്ടാംഭാര്യ പോംപിയയാണ്. കൊട്ടാരത്തിലെ ഒരു ആഘോഷച്ചടങ്ങില്‍ സ്ത്രീവേഷം കെട്ടിയെത്തിയ ഒരാള്‍ പിടിയിലായി. സീസറുടെ ഭാര്യ പോംപിയയെ ലക്ഷ്യംവച്ച് വന്ന ആളാണെന്ന ഒരു ആരോപണം അപ്പോള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നു. സീസര്‍ ഭാര്യയെ ഉപേക്ഷിച്ചു. സീസറുടെ ഭാര്യയും സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇവിടെ ബാര്‍ കോഴയാണ്. നോട്ടുകെട്ടുകള്‍ യന്ത്രത്തിലൂടെ എണ്ണിവാങ്ങിയെന്നാണ് ആരോപണം. മന്ത്രി വസതിയില്‍ വച്ച് പുലര്‍ച്ചെ നേരിട്ടു വാങ്ങിയത് മന്ത്രിയുടെ ഭാര്യയാണെന്നാണ് വിജിലന്‍സില്‍ പരാതിക്കാരന്‍ നല്‍കിയ മൊഴി. ഭാര്യയുടെ പേരില്‍ ആരോപണമുണ്ടായപ്പോള്‍ സംശയത്തിന് അതീതയായിരിക്കാന്‍ മന്ത്രിയാണു രാജിവച്ചത്. സംശയം മന്ത്രിക്കാണ്. ഭാര്യ പണം വാങ്ങി എന്നു കൃത്യമായ മൊഴിയുള്ളതിനാല്‍ അവിടെ സംശയം ഉണ്ടാവുന്നില്ല.
സീസര്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെങ്കില്‍ ഇവിടെ മാണിയെന്ന സീസര്‍ സ്വയം സംശയം ഏറ്റെടുക്കുകയായിരുന്നു. അവസാനമായി ഒരു വാക്ക്. സീസറുടെ ഒറിജിനല്‍ ഭാര്യയും ഇല്ലാത്ത ഭാര്യമാരും പാവങ്ങളാണെന്നു മറക്കരുതേ.
Next Story

RELATED STORIES

Share it