സീറ്റ് വിഭജനത്തിനൊരുങ്ങി എല്‍ഡിഎഫ്

സ്വന്തംപ്രതിനിധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ കക്ഷികള്‍ ഒരുങ്ങുന്നു. ഇതിനായി സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മാര്‍ച്ച് ഒന്നിനും രണ്ടിനുമായി ചേരും. ഘടക കക്ഷിയായ ജനതാദള്‍-എസ് യോഗം 25ന് നടക്കും. പാര്‍ട്ടിയോഗങ്ങളില്‍ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കും. വിലപേശലിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും പരമാവധി സീറ്റുകള്‍ നേടാനാവും  ഘടക കക്ഷികളുടെ ശ്രമം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 93 സീറ്റുകളിലാണ് മല്‍സരിച്ചത്. 84 സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തിലും ഒമ്പതു സ്ഥലങ്ങളില്‍ സ്വതന്ത്രരും. സിപിഐ-27, ജനതാദള്‍-എസ്-അഞ്ച്, ആര്‍എസ്പി-നാല്, ഐഎന്‍എല്‍-നാല്, കേരളാ കോണ്‍ഗ്രസ്-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. എന്നാല്‍, ആര്‍എസ്പി പിന്നീട് മുന്നണി വിടുകയും കേരളാ കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിസി ജോര്‍ജും, ആര്‍ ബാലകൃഷ്ണപിള്ള വിഭാഗവും, ആര്‍എസ്പി വിട്ട കോവൂര്‍ കുഞ്ഞുമോനും എല്‍ഡിഎഫിലേക്ക് എത്തുകയും ചെയ്തു. ഇവര്‍ക്കുള്ള സീറ്റും നീക്കിവയ്‌ക്കേണ്ടിവരും. ഇവരെ പരിഗണിക്കണമെന്ന നിലപാടാണ് പൊതുവേ മുന്നണിയിലുള്ളത്. ആര്‍എസ്പിക്കും കേരളാ കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്ന ഏഴു സീറ്റുകളിലാണ് എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രതീക്ഷ. കഴിഞ്ഞതവണ മല്‍സരിച്ച 27 മണ്ഡലങ്ങളില്‍ 13 സീറ്റിലാണ് സിപിഐ വിജയിച്ചത്. കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് സിപിഐ ആവശ്യം. ആര്‍എസ്പിയുടെ അരുവിക്കര സീറ്റ് സിപിഎം ഏറ്റെടുത്തപ്പോള്‍ തന്നെ സിപിഐ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് കൂടുതല്‍ സീറ്റുകള്‍ക്കായി സിപിഐ ചൂണ്ടിക്കാട്ടുന്നത്. സിപിഐക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സീറ്റുകളുടെ എണ്ണം അഞ്ചില്‍ നിന്നും എട്ട് ആക്കണമെന്നാണ് ജനതാദള്‍-എസ് ആവശ്യം. ജനതാദള്‍-യു വിട്ടെത്തിയവര്‍ക്ക് നല്‍കാനാണിത്. കഴിഞ്ഞതവണ മല്‍സരിച്ച അഞ്ചില്‍ നാലു സീറ്റിലും ഇവര്‍ വിജയിച്ചിരുന്നു. അതേസമയം, വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഏറ്റെടുക്കാനാണ് സിപിഎം ശ്രമം. ഘടകകക്ഷികള്‍ സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുക്കണമെന്നും സിപിഎമ്മില്‍ പൊതുവികാരമുണ്ട്. പൊതുസ്വീകാര്യരായ സ്വതന്ത്രരെ നിര്‍ത്തുന്നതു സംബന്ധിച്ചും സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തും. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം അടുത്ത ആഴ്ച തന്നെ നടക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it