thrissur local

സീറ്റ് നിഷേധം: തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഖദര്‍ ഊരി പ്രതിഷേധിച്ചു

തൃശൂര്‍: സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഖദര്‍ ഊരി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഷിജുവെളിയത്ത്, വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേരാണ് നഗരത്തില്‍ പ്രകടനത്തിന് ശേഷം കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ഖദര്‍ ഷര്‍ട്ട് ഊരി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കണമെന്ന കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദ്ദേശം ഡി.സി.സി. അട്ടിമറിക്കുകയാണെന്ന് യൂത്തുകോണ്‍ഗ്രസുകാര്‍ പറഞ്ഞു. 14 സീറ്റാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സീറ്റുകളെല്ലാം മറ്റുള്ളവര്‍ വീതം വച്ച് എടുക്കുകയാണ്.

ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇതിനെതിരേ തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഷിജു വെളിയത്ത് തേജസിനോട് പറഞ്ഞു. ഇപ്പോള്‍ തന്നെ പാവറട്ടി, കയ്പമംഗലം  പഞ്ചായത്തുകളിലും ചാവക്കാട് നഗരസഭയിലും യൂത്ത് കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോപറേഷനില്‍ തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെങ്കില്‍  സ്ഥാനാര്‍ഥികളെ നിര്‍ത്തും. തങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മാത്രമല്ലായെന്ന മുന്നറിയിപ്പും യൂത്ത് കോണ്‍ഗ്രസുകാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് തവണ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും മുന്‍ മേയര്‍മാര്‍ക്കും സീറ്റ് നല്‍കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it