Kerala

സി.ബി.ഐ. വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച കേസുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ നടക്കുന്ന അന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും വിജിലന്‍സ് അന്വേഷണസംഘത്തലവന്‍ കെ  എം ആന്റണി സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2013ല്‍ ഓപറേഷന്‍ അന്നപൂര്‍ണയെന്ന പേരില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തും ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിലും നടത്തിയ പരിശോധനകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. 2012-2013 കാലയളവില്‍ ഓണം-റമദാന്‍ കാലത്ത് സാധനസാമഗ്രികള്‍ വാങ്ങിയതിലും ഗുരുതര ക്രമക്കേടുകള്‍ നടന്നതായും ഇതേക്കുറിച്ചുള്ള രണ്ടു കേസുകളില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായും റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഓപറേഷന്‍ അന്നപൂര്‍ണ റെയ്ഡിനെത്തുടര്‍ന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നതായും തുടര്‍ന്ന്  എം.ഡി.യെ തല്‍സ്ഥാനത്തുനിന്നു നീക്കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ചീഫ് പര്‍ച്ചേസ് മാനേജര്‍ ആര്‍ ജയകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികള്‍ ആരംഭിച്ചു. ഇതു കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം പ്രതികളെയും 42 സാക്ഷികളെയും ചോദ്യം ചെയ്തതായും സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡ് ഇടപാടുകളിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. ഹൃദേഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it