wayanad local

സി കെ ശശീന്ദ്രന് കെട്ടിവയ്ക്കാനുള്ള പണവുമായി കര്‍ഷകന്‍

കല്‍പ്പറ്റ: കര്‍ഷകര്‍ക്കായി പോരാടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന് കെട്ടിവയ്ക്കാനുള്ള പണവുമായി കേരളത്തിന്റെ അഭിമാനമായ കര്‍ഷകനെത്തി. കാര്‍ഷിക പരീക്ഷണങ്ങളിലൂടെ ലോകത്തിന് മുന്നില്‍ വിസ്മയമായ കൂരാച്ചുണ്ട് കല്ലനോട് കടുകമാക്കന്‍ അബ്രാഹാം മാത്യുവാണ് ശശീന്ദ്രന്റെ കര്‍ഷക പ്രതിബന്ധതയ്ക്കുള്ള അംഗീകാരമെന്നോണം കെട്ടിവയ്ക്കാനുള്ള പണവുമായി വയനാടന്‍ ചുരം കയറിയത്.
കര്‍ഷകര്‍ക്കു വേണ്ടി സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തനിക്കറിയാമെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നതെന്നും അബ്രഹാം മാത്യു പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് ആശ്വാസമായ നടപടികള്‍ ഉണ്ടാവണമെങ്കില്‍ സി കെ ശശീന്ദ്രനെ പോലുള്ളവര്‍ ജയിക്കണം. വിജയത്തിനു വേണ്ടിയുള്ള തന്റെ പിന്തുണയാണ് കെട്ടിവയ്ക്കാനുള്ള തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരുമുളക്, ജാതി തുടങ്ങിയ കൃഷിയിലൂടെയാണ് അബ്രഹാം മാത്യു വിസ്മയങ്ങള്‍ തീര്‍ത്തത്. ജാതിയിലെ പരീക്ഷണങ്ങള്‍ക്ക് ലോക അംഗീകാരങ്ങള്‍ വരെ ഈ കര്‍ഷകനെ തേടിയെത്തിയിരുന്നു. ചെറിയ മരവും കൂടുതല്‍ കായയുമുള്ള ഈ പരീക്ഷണം 30 വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് യാഥാര്‍ഥ്യമായത്. സാധാരണ ജാതിക്കയേക്കാള്‍ ഇരട്ടി വലിപ്പം ഇതിനുണ്ട്.
ആയിരം പത്രിക്ക് ഒരു കിലോ ആണെങ്കില്‍ കടുകന്‍മാക്കന്‍ ഇനത്തിന് ആയിരമെണ്ണം മൂന്നരക്കിലോ ഉണ്ടാവും.
1994ല്‍ കാര്‍ഷിക തിലകം, 1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരകേസരി, 1996ല്‍ കാംഡ കര്‍ഷക അവാര്‍ഡ്, 1997ല്‍ മികച്ച ജാതി ഉല്‍പാദകനുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവാര്‍ഡ്, 1999ല്‍ മികച്ച കുരുമുളക് തോട്ടത്തിന് കോയമ്പത്തൂര്‍ മധു ജയന്തി എക്‌സപോര്‍ട്ടിങ് കമ്പനിയുടെ അവാര്‍ഡ്, 2003ല്‍ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, 2004ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം, 2005ല്‍ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ അംഗീകാര സാക്ഷ്യപത്രം, 2005ല്‍ വായ്പയെടുത്ത നാലു ബാങ്കുകളുടെ ബഹുമതി-മികച്ച ഉപഭോക്താവ്, 2008ല്‍ മികച്ച കര്‍ഷക ശാസ്ത്രജ്ഞനുള്ള കേരള കാര്‍ഷിക സര്‍വകലാശാല അവാര്‍ഡ്, 2010ല്‍ യുഎന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അംഗീകാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അബ്രഹാം മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it