wayanad local

സി കെ ശശീന്ദ്രന്‍ ആദ്യം പോയത് ജെയിംസിന്റെ സമരപ്പന്തലിലേക്ക്

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സി കെ ശശീന്ദ്രന്‍ ആദ്യം പോയത് കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ സമരപ്പന്തലിലേക്ക്. അവകാശപ്പെട്ട നീതിക്കായി ഉദ്യോഗസ്ഥ മാഫിയക്കെതിരേ പോരാട്ടം നടത്തുന്ന ജെയിംസിനും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു വിജയത്തിന് ശേഷം ആദ്യം ശശീന്ദ്രന്‍ ചെയ്തത്.
ഒരു മണിയോടെയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വന്നത്. ഹാളില്‍ നിന്നു പുറത്തുവന്ന ശശീന്ദ്രനെ പ്രവര്‍ത്തകര്‍ ആവേശംകൊണ്ട് ശ്വാസംമുട്ടിച്ചു. തുറന്ന വാഹനത്തില്‍ കയറിയ ശശീന്ദ്രന്‍ നേരെ കലക്ടറേറ്റ് പടിക്കലേക്ക് പോയി. ഈ സമയം ജെയിംസ് തൊട്ടടുത്ത കടയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു.
ശശീന്ദ്രന്‍ വന്നതറിഞ്ഞ് ഭക്ഷണം ഒഴിവാക്കി ജെയിംസ് ഓടിവന്നു. നിങ്ങളെ കാണാനാണ് ആദ്യം വരുന്നതെന്നു ശശീന്ദ്രന്‍ ജെയിംസിനോട് പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നു പറഞ്ഞ് ജെയിംസ് ശശീന്ദ്രനെ ആള്‍ക്കൂട്ടത്തിലേക്ക് യാത്രയാക്കി.
കാഞ്ഞിരത്തിനാല്‍ വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് വിലകൊടുത്തു വാങ്ങിയ 12 ഏക്കര്‍ ഭൂമി അടിയന്തരാവസ്ഥയുടെ മറവില്‍ വനഭൂമിയാക്കി കൃത്രിമ രേഖയുണ്ടാക്കുകയായിരുന്നു.
ഇതിനെതിരേ നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വിഎസ് മന്ത്രിസഭ ഭുമി തിരികെ നല്‍കാന്‍ തീരുമാനമെടുത്തുവെങ്കിലും ചിലര്‍ കോടതിയില്‍ പോയി തടസ്സപ്പെടുത്തി. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ല.
കേസ് നടക്കുന്നതിനിടെ കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യയും മരിച്ചു. മരുമകന്‍ ജെയിംസും കുടുംബവും നീതിക്ക് വേണ്ടി കഴിഞ്ഞ ആഗസ്ത് 15ന് കലക്ടറേറ്റ് പടിക്കല്‍ നിരഹാരം ആരംഭിച്ചതാണ്.
Next Story

RELATED STORIES

Share it