സി ഉത്തമക്കുറുപ്പിന് വിട

തൃശൂര്‍: മലയാള പത്രങ്ങളുടെ മുഖപ്രസംഗ സമ്പ്രദായത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച മാതൃഭൂമി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ സി ഉത്തമക്കുറുപ്പിന്  (82) വിട. പുന്നയൂര്‍ക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഗാന്ധിയന്‍ ജീവിതരീതി പിന്തുടര്‍ന്ന ഉത്തമക്കുറുപ്പ് അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മികരംഗത്തെ ശ്രദ്ധേയനുമായിരുന്നു. ഭാഷാശുദ്ധിയും ആശയവ്യക്തതയുംകൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍. വന്നേരിനാട്ടില്‍ വടക്കേക്കാട് ചിറ്റഴി പാപ്പിക്കുട്ടിയമ്മയുടെയും എടക്കഴിയൂര്‍ പതിയേരി മാളികയ്ക്കല്‍ കുട്ടന്‍നായരുടെയും മകനായി 1933 സപ്തംബര്‍ 25നാണ് ഉത്തമക്കുറുപ്പ് ജനിച്ചത്. വടക്കേക്കാട് എലിമെന്ററി സ്‌കൂള്‍, വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് ഹയര്‍ എലിമെന്ററി സ്‌കൂള്‍, കുന്നംകുളം എം. ജ.ഡി. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മദ്രാസ് ഗവ. ആര്‍ട്‌സ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി.

എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ബിരുദപഠനം.1954 സപ്തംബര്‍ 19ന് കൊച്ചിയില്‍ ദീനബന്ധുവിന്റെ സബ് എഡിറ്ററായിട്ടായിരുന്നു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 59 മുതല്‍ ഗാന്ധി സ്മാരകനിധിയുടെ പ്രസിദ്ധീകരണ വിഭാഗത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി. 1963 ഫെബ്രുവരി 11ന് മാതൃഭൂമി കൊച്ചി യൂനിറ്റില്‍ സബ് എഡിറ്ററായി ചേര്‍ന്നു.    2004ല്‍ മലയാള പത്രപ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹം 2007ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചു. 1965 ജൂണിലാണ് അദ്ദേഹം മാതൃഭൂമിയില്‍ ആദ്യ മുഖപ്രസംഗമെഴുതിയത്. ഗോര്‍ബച്ചേവിന്റെ കാലത്ത് സോവിയറ്റ് യൂനിയനില്‍ നടന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ 'ജനഹിതം ജയിക്കുന്നു' എന്ന മുഖപ്രസംഗത്തിന് 1992ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം ലഭിച്ചു. പുന്നയൂര്‍ക്കുളം മണികണ്‌ഠേശ്വരത്തെ വീട്ടുവളപ്പില്‍  സംസ്‌കരിച്ചു. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Next Story

RELATED STORIES

Share it