kasaragod local

സിവില്‍ സ്റ്റേഷനില്‍ യുഡിഎഫിന് അഭിമാന പോരാട്ടം

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിച്ച സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ യുഡിഎഫിന് അഭിമാനപോരാട്ടം. ജില്ലാ പഞ്ചായത്ത് ആസ്ഥാനവും കലക്ടറേറ്റും ഭരണനിര്‍വഹണസ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഡിവിഷന്‍ കഴിഞ്ഞതവണ ചെങ്കള, കുമ്പള ഡിവിഷനുകളുടെ ഭാഗമായിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റും മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ മകളുമായ മുംതാസ് സമീറയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മഞ്ചേശ്വരം മണ്ഡലം വനിത ലീഗ് ജോയിന്റ് സെക്രട്ടറി, എസ്ടിയു തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മുംതാസ് മണ്ഡലത്തിന് സുപരിചിതയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നടപ്പിലാക്കിയ പദ്ധതികളും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണപരിചയവും തനിക്ക് തുണയാകുമെന്ന് മുംതാസ് സമീറ പറഞ്ഞു. യുഡിഎഫിന് ഏറെ പ്രതീക്ഷയുള്ള ഈ ഡിവിഷനില്‍ എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സുലൈഖ മാഹിനാണ്.
യുഡിഎഫ് നല്‍കാമെന്ന് പറഞ്ഞ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സുലൈഖ സ്വതന്ത്രയായി മല്‍സരിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് എല്‍ഡിഎഫ്-ഐഎന്‍എല്‍ പിന്തുണ വാഗ്ദാനം ചെയ്തതോടെ സുലൈഖ ഐഎന്‍എലില്‍ ചേരുകയായിരുന്നു.
ജില്ലയില്‍ പൊതുപ്രവര്‍ത്തനരംഗത്ത് തനിക്കുള്ള സ്വാധീനം നേട്ടമാകുമെന്നു സുലൈഖ പറഞ്ഞു. കാസര്‍കോട് ജെസിഐയുടെ ചെയര്‍പേഴ്‌സണും ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാലയത്തിലെ ബോര്‍ഡ് അംഗവുമാണ്.
ബിജെപി ഭരിക്കുന്ന മധൂര്‍ പഞ്ചായത്ത് കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ ഡിവിഷന്‍ അതുകൊണ്ടുതന്നെ ബിജെപി പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്‌നേഹലത ദിവാകറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ഉളിയത്തടുക്ക, ചെര്‍ക്കള, സിവില്‍ സ്റ്റേഷന്‍, രാംദാസ് നഗര്‍ എന്നീ ബ്ലോക്ക് ഡിവിഷനുകളാണ് ഈ ഡിവിഷനിലുള്ളത്. 61,668 വോട്ടര്‍മാരാണ് ഈ ഡിവിഷനിലുള്ളത്.
Next Story

RELATED STORIES

Share it