സിറ്റി തലപ്പത്ത്; ചെല്‍സിക്കും മാഞ്ചസ്റ്ററിനും സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 14ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്കും മുന്‍ കിരീടവിജയികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും സമനിലകുരുക്ക് നേരിട്ടു.
സിറ്റി 3-1ന് സതാംപ്റ്റനെ തകര്‍ത്തപ്പോള്‍ ചെല്‍സിയെ ഗോള്‍രഹിതമായി ശക്തരായ ടോട്ടനമും മാഞ്ചസ്റ്ററിനെ 1-1ന് ലെയ്‌സസ്റ്റര്‍ സിറ്റിയുമാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്. ഹോംഗ്രൗണ്ടില്‍ കെവിന്‍ ഡിബ്രുയനും (ഒമ്പതാം മിനിറ്റ്) ഫാബിയന്‍ ഡെല്‍ഫും (20) അലെക്‌സാണ്ടര്‍ കൊലറോവുമാണ് (69) സിറ്റിക്കു വേണ്ടി നിറയൊഴിച്ചത്.
ജയത്തോടെ ലെയ്‌സസ്റ്ററിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറാനും സിറ്റിക്കായി. 14 കളികളില്‍ നിന്ന് സിറ്റിക്കും ലെയ്‌സസ്റ്ററിനും 29 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ സിറ്റി ഒന്നാംസ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു.
എന്നാല്‍, 24ാം മിനിറ്റില്‍ ഗോളടിവീരന്‍ ജാമി വാര്‍ഡിയിലൂടെ മുന്നിലെത്തിയ ലെയ്‌സസ്റ്ററിനെ 45ാം മിനിറ്റില്‍ ബാസ്റ്റിയന്‍ ഷ്വാന്‍സ്‌റ്റൈഗറിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ സമനില പിടിക്കുകയായിരുന്നു.
മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായ 11 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും വാര്‍ഡിയുടെ പേരിലായി. തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ മാഞ്ചസ്റ്ററിനു വേണ്ടി ഗോള്‍ നേടിയ ഹോളണ്ട് സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 28 കാരനായ ഇംഗ്ലണ്ട് താരം പഴങ്കഥയാക്കിയത്.
എന്നാല്‍, സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ ടോട്ടനം ലീഗിലെ അഞ്ചാം സ്ഥാനത്തേക്കും ചെല്‍സി 14ാം സ്ഥാനത്തേക്കും കയറി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 5-1ന് ന്യൂകാസിലിനെയും വാട്ട്‌ഫോര്‍ഡ് 3-2ന് ആസ്റ്റന്‍ വില്ലയെയും സണ്ടര്‍ലാന്റ് 2-0ന് സ്‌റ്റോക്ക് സിറ്റിയെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it