Sports

സിറ്റി, അത്‌ലറ്റികോ ക്വാര്‍ട്ടറില്‍

സിറ്റി, അത്‌ലറ്റികോ ക്വാര്‍ട്ടറില്‍
X
Atletico's players start a celebratory bundle after narrowly clinching the match

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ റണ്ണറപ്പായ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡും യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഉക്രെയ്‌നില്‍ നിന്നുള്ള ഡയനാമോ കീവുമായി ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് സിറ്റി അവസാന എട്ടിലെത്തിയത്. കീവില്‍ നടന്ന ആദ്യപാദത്തില്‍ നേടിയ 3-1ന്റെ തകര്‍പ്പന്‍ ജയമാണ് സിറ്റിക്കു തുണയായ ത്. ഇതാദ്യമായാണ് സിറ്റി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
അതേസമയം, ഡച്ച് ടീം പിഎസ്‌വി ഐന്തോവനെയാണ് അത്‌ലറ്റികോ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 8-7നു കീഴടക്കിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു. ആദ്യപാദ മല്‍സരം ഗോ ള്‍രഹിതമായി പിരിഞ്ഞിരുന്നു.
സിറ്റിക്ക്
ആഹ്ലാദം, ഒപ്പം ആശങ്കയും
പ്രീക്വാര്‍ട്ടര്‍ ബാധ ഒഴിവാക്കി ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാനായത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആഹ്ലാദം നല്‍കുന്നുണ്ടെങ്കിലും ചില ആശങ്കകളും അവര്‍ക്കുണ്ട്. ചില പ്രമുഖ താരങ്ങള്‍ക്ക് ഡയ നാമോ കീവിനെതിരായ കളിക്കിടെ പരിക്കേറ്റതാണ് സിറ്റിയെ വലയ്ക്കുന്നത്. ക്യാപ്റ്റ നും പ്രതിരോധത്തിലെ നിറസാന്നിധ്യവുമായ വിസെന്റ് കൊംപനിയുടെ പരിക്കാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. പരിക്കിനെത്തുടര്‍ന്ന് കളി പൂര്‍ത്തിയാക്കാനാവാതെ താരത്തിനു കളംവിടേണ്ടിവന്നിരുന്നു. ഞായറാഴ്ച നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ലീഗ് മല്‍സരത്തില്‍ കൊംപനിക്കു കളിക്കാനാവുമോയെന്നതാണ് സിറ്റിക്ക് ആശങ്കയുണ്ടാക്കുന്നത്. പ്രീമിയര്‍ ലീഗില്‍ നേരിയ കിരീടസാധ്യതയെങ്കിലും നിലനിര്‍ത്താന്‍ സിറ്റിക്ക് ഈ കളിയില്‍ ജയം അനിവാര്യമാണ്.
അര്‍ജന്റീനയുടെ നികോളാസ് ഒട്ടാമെന്‍ഡിയാണ് പരിക്കിന്റെ പിടിയിലായ സിറ്റി ടീമിലെ മറ്റൊരു പ്രമുഖന്‍. ഡയനാമോയ്‌ക്കെതിരേ ആദ്യപകുതിയില്‍ തന്നെ ഒട്ടാമെന്‍ഡിക്കു പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോച്ച് മാന്വല്‍ പെല്ലെഗ്രിനി താരത്തെ തിരിച്ചുവിളിക്കുകയും ചെയ്തു.
പിഎസ്‌വിക്ക് സഡന്‍ഡെത്ത്
അത്‌ലറ്റികോയ്‌ക്കെതിരേ ഇഞ്ചോടിഞ്ച് പൊരുതിനോക്കിയ പിഎസ്‌വിയെ സഡന്‍ഡെത്ത് ചതിക്കുകയായിരുന്നു. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടമായിരുന്നു ഇത്. ഷൂട്ടൗട്ടില്‍ ആകെ 16 കിക്കുകളാണ് കണ്ടത്. ആദ്യ അഞ്ചു കിക്കുകള്‍ ഇരുടീമും ഗോളാക്കിയതോടെ മല്‍സരം സഡന്‍ഡെത്തിലെത്തി. സഡന്‍ഡെത്തിലെ മൂന്നു കിക്കുകള്‍ അത്‌ലറ്റികോ ഗോളാക്കിയപ്പോള്‍ പിഎസ്‌വിയുടെ ഒരു ഷോട്ട് ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ വംശജനായ ലൂസിയാനോ നര്‍സിങിന്റെ അവസാന കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതോടെ അത്‌ലറ്റികോയുടെ ആഹ്ലാദം അണപൊട്ടി.
Next Story

RELATED STORIES

Share it