സിറിയ-സബദാനിയില്‍ നിന്ന് വിമതരെ ഒഴിപ്പിച്ചു

ബെയ്‌റൂത്ത്: സിറിയയിലെ ലബ്‌നാന്‍ അതിര്‍ത്തിപ്രദേശമായ സബദാനി നഗരത്തില്‍ നിന്നു വിമതസായുധസംഘങ്ങളെയും കുടുംബങ്ങളെയും വീണ്ടും ഒഴിപ്പിച്ചുതുടങ്ങി. സിറിയയിലെ ഭരണകൂടവും വിമതരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്നു നഗരങ്ങളില്‍ നിന്നായി, തിങ്കളാഴ്ച പരിക്കേറ്റ സായുധസംഘം പ്രവര്‍ത്തകരടക്കം 450ലേറെ പേരെ ഒഴിപ്പിച്ചതായി യുഎന്‍ നിരീക്ഷകര്‍ അറിയിച്ചു.
വിമതരുടെ ശക്തികേന്ദ്രമായ സബദാനി നഗരത്തില്‍ നിന്നു 120 വിമതരെ ഒഴിപ്പിച്ചിട്ടുണ്ട്. ബെയ്‌റൂത്ത് വിമാനത്താവളത്തിലെത്തിച്ച ഇവരെ യുഎന്‍ മേല്‍നോട്ടത്തില്‍ തുര്‍ക്കിയിലേക്കും അവിടെനിന്നു സിറിയയിലെ ഇദ്‌ലിബിലേക്കും മാറ്റിപ്പാര്‍പ്പിക്കും. സബദാനിയില്‍ വിമതരെ ഒഴിപ്പിക്കാനായി രാവിലെ തന്നെ ബസ്സുകളും ആംബുലന്‍സുകളും എത്തിയിരുന്നു.
തലസ്ഥാനമായ ദമസ്‌കസിനു പ്രാന്തപ്രദേശത്തുള്ള ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപ്, പ്രതിപക്ഷ നിയന്ത്രണത്തിലുള്ള അല്‍ഖദം, അല്‍ ഹജറുല്‍ അസ്‌വദ്, ഐഎസ്-അല്‍നുസ്‌റ ഫ്രണ്ട് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിമതരെ ഒഴിപ്പിക്കുന്നതിന് യുഎന്‍ മധ്യസ്ഥതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സിറിയന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ധാരണപ്രകാരം തങ്ങളുടെ നിയന്ത്രണ പ്രദേശങ്ങളില്‍ ക്യാംപുകളില്‍നിന്നു മാറ്റുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. സിറിയന്‍ വ്യോമാക്രമണത്തില്‍ വിമതനേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ അവതാളത്തിലായിരുന്നു.
അതേസമയം, ഹുംസ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 132 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഹുംസിലെ അല്‍സഹ്‌റാ സ്‌ക്വയറിലായിരുന്നു ആക്രമണം. സിറിയയില്‍ അധികാരത്തിലിരിക്കുന്ന അലവി വിഭാഗം താമസിക്കുന്ന പ്രദേശമാണ് അല്‍ സഹ്‌റാ. എന്നാല്‍, സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകസംഘം അറിയിച്ചു.
Next Story

RELATED STORIES

Share it